school
അപകടാവസ്ഥയിലായ തൃക്കളത്തൂർ ഗവ.എൽ.പി.സ്‌കൂളിന്റെ മതിൽ

മൂവാറ്റുപുഴ: തൃക്കളത്തൂർ സൊസൈറ്റിപ്പടി-എൻ.എസ്.എസ് ഹൈസ്‌കൂൾ റോഡിൽ ഏത് സമയത്തും നിലംപൊത്താറായ നിലയിൽ നിൽക്കുന്ന തൃക്കളത്തൂർ ഗവ.എൽ.പി.സ്‌കൂളിന്റെ കൂറ്റൻ മതിൽ നാട്ടുകാർക്കും സ്‌കൂൾ കുട്ടികൾക്കും ഭീഷണിയാകുന്നു. 65വർഷത്തോളം പഴക്കമുള്ളതും പത്തടിയോളം ഉയരമുള്ളതുമായ കൂറ്റൻ മതിൽ മരത്തിന്റെ വേരുകൾ വന്ന് അടിഭാഗം തെന്നിമാറി റോഡിലേയ്ക്ക് ചരിഞ്ഞ് ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലാണ്.

എൻ.എസ്.എസ് ഹൈസ്‌കൂളിലേയും ഗവ.എൽ.പി.സ്‌കൂളിലേയും കുട്ടികളും തൃക്കളത്തൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വിശ്വാസികളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. മതിലിന്റെ ശോച്യാവസ്ഥ പലവട്ടം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാലപ്പഴക്കംചെന്ന മതിൽ എത്രയുംവേഗം പൊളിച്ച് പുതിയ മതിൽ നിർമ്മിക്കണമെന്നാണ് ആവശ്യം.