photo
ഞാറക്കൽ അക്വാടൂറിസം സെന്റററിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ വാട്ടർ സൈക്കിൾ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

വൈപ്പിൻ: മത്സ്യഫെഡിന്റെ ഞാറക്കൽ അക്വാടൂറിസം സെന്ററിൽ പുതുവത്സര സമ്മാനമായി വാട്ടർസൈക്കിൾ യാത്രക്ക് തുടക്കം. ഫൈബർഗ്ലാസിൽ നിർമ്മിച്ചിരിക്കുന്ന വാട്ടർസൈക്കിൾ സന്ദർശകർക്ക് ഉല്ലാസവും ഒപ്പം ആരോഗ്യവും എന്ന ആശയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി മത്സ്യഫെഡാണ് അക്വാടൂറിസവുമായി ബന്ധപ്പെട്ട് വാട്ടർ സൈക്കിൾ ഉപയോഗിക്കുന്നത്. സ്‌പോർട്‌സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന വൈപ്പിൻകര നിവാസിയായ ആന്റണി എം. ഈശിയാണ് നിർമ്മിച്ചത്.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ വാട്ടർസൈക്കിൾ ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം കെ. സി. രാജീവ് അധ്യക്ഷത വഹിച്ചു. വാട്ടർ സൈക്കിൾ നിർമ്മാതാവായ ആന്റണിയെയും സാങ്കേതിക ഉപദേശങ്ങൾ നൽകിയ സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് നേവൽ ആർക്കിടെക്ട് ഡോ. ബൈജുവിനേയും എം.എൽ.എ ആദരിച്ചു.
മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.ബി. ഫ്രാൻസിസ് ദാളോ, ടി. രഘുവരൻ, ശ്രീവിദ്യ സുമോദ്, വാർഡ് അംഗം സജീഷ് മങ്ങാടൻ, ഫാം മാനേജർ പി. നിഷ, പ്രോജക്ട് ഓഫീസർ അനുപമ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.