വൈപ്പിൻ: ഫോക്‌ലോർഫെസ്റ്റ് മത്സര ഘോഷയാത്രയുടെ ഭാഗമായി ഏർപ്പെടുത്തിയ അഡ്വ. എം.വി. പോൾ പുരസ്‌കാരങ്ങളിൽ ഒന്നാംസ്ഥാനം ഓച്ചന്തുരുത്ത് സഹകരണബാങ്കിന്. ബാങ്ക് അവതരിപ്പിച്ച പൂതനും തിറയും ഫ്ളോട്ടാണ് ഒന്നാമതെത്തിയത്. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് അവതരിപ്പിച്ച ചവിട്ടുനാടകം രണ്ടാംസ്ഥാനം നേടി. മൂന്നാംസ്ഥാനം രണ്ടു ഫ്ളോട്ടുകൾ പങ്കിട്ടു. നായരമ്പലം സർവീസ് സഹകരണ ബാങ്ക് അവതരിപ്പിച്ച കാളപൂട്ടിന്റെ സന്നാഹം ഉൾക്കൊണ്ട് നാടൻ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ദൃശ്യവും സമന്വയവേദി അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കഥകളി, മോഹിനിയാട്ടം എന്നിവ സമന്വയിപ്പിച്ച ദൃശ്യവുമാണ് സമ്മാനാർഹമായത്.
കുഴുപ്പിള്ളി ബീച്ചിൽ ഘോഷയാത്രയുടെ സമാപനത്തിൽ അഡ്വ. എം.വി. പോളിന്റെ സഹോദരൻ ഐ.എസ്.എസ്.ഡി സി.ഇ.ഒ. എം.വി. തോമസും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ഒന്നാംസ്ഥാനത്തിനുള്ള ഒരുലക്ഷം രൂപയും രണ്ടാമതെത്തിയവർക്കുള്ള അരലക്ഷംരൂപയും മൂന്നാം സ്ഥാനക്കാർക്കുള്ള 25000 രൂപയും ഫലകങ്ങളും സമ്മാനിച്ചു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയും ഫെസ്റ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.