മൂവാറ്റുപുഴ: മദ്യവർജ്ജനത്തിന് ഉൗന്നൽനൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടേയും നാളത്തെ മൂവാറ്റുപുഴ ലഹരിമുക്ത നവമൂവാറ്റുപുഴ എന്ന സന്ദേശവുമായി ഗ്രന്ഥശാല പ്രവർത്തകർ ബോധവത്കരണ പ്രവർത്തനങ്ങളുമായി സമൂഹത്തിലേക്ക്. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ലഹരിയിൽനിന്ന് മനുഷ്യനെ മോചിപ്പിച്ച് വായനയുടേയും അറിവിന്റേയും ലഹരിയിലേക്ക് കൊണ്ടുവരുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സെെസിന്റെ സഹകരണത്തോടെ വിവിധ രൂപത്തിലുള്ള പ്രചാരണം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോഷി സ്കറിയും സെക്രട്ടറി സി.കെ. ഉണ്ണിയും അറിയിച്ചു.
ആദ്യഘട്ടമായി താലൂക്കിലെ പഞ്ചായത്ത്, മുനിസിപ്പൽ സമിതികളുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ പ്രവർത്തകരുടെ നേതൃത്വത്തിൽ 14 കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. ബോധവത്കരണ ക്ലാസ്, കലാപരിപാടികൾ, തെരുവുനാടകങ്ങൾ, ചിത്രരചന, ഉപന്യാസമെഴുത്ത് തുടങ്ങിയവ സെമിനാറിനോടനുബന്ധിച്ച് നടത്തും.
രണ്ടാംഘട്ടമായി താലൂക്കിലെ 65 ഗ്രന്ഥശാലകളിലും ലഹരിവിരുദ്ധസദസ് സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലും ലഹരിമുക്തനാടിന്റെ സന്ദേശം എത്തിക്കും. താത്പര്യമുള്ള വീട്ടുമുറ്റങ്ങളിലായിരിക്കും ലഹരി വിരുദ്ധസദസ് നടത്തുക. എല്ലാ ഗ്രന്ഥശാലകളിലും നാളത്തെ നാട് ലഹരിമുക്തനാട് എന്ന ബോർഡ് സ്ഥാപിക്കും.
മൂന്നാംഘട്ടമായി പഞ്ചായത്ത്, മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സായാഹ്നക്കൂട്ടായ്മ സംഘടിപ്പിക്കും. ലഹരിവർജ്ജനത്തെക്കുറിച്ച് പ്രഭാഷണം, ഷോർട്ട്ഫിലിം പ്രദർശനം, ഏകാങ്കനാടകം തുടങ്ങിയ കലാവതരണവും ലഹരിവർജനജാഥയും സംഘടിപ്പിക്കും.