കളമശേരി: മൂഴിക്കുളം കൈതപ്പിള്ളി പറമ്പിൽ നന്ദനത്തിൽ ടി.പി. നന്ദനന്റെ വീട്ടുമുറ്റത്തെ പന്തലിൽ തായ്ലാൻഡ് ഗാഗ് ഫ്രൂട്ട് വിളഞ്ഞത് കൗതുകക്കാഴ്ചയായി. വിപണിയിൽ 1000 - 1500 രൂപയോളം വില വരും. ഒരു ഗാഗ് ഫ്രൂട്ടിന് ഒരു കിലോഗ്രാം തൂക്കംവരും. എട്ടുമാസം മുമ്പ് അമലാപുരത്ത് നിന്ന് 300രൂപയ്ക്ക് വാങ്ങിയ വിത്തുകൾ മുളപ്പിച്ചാണ് കൃഷി ചെയ്തത്. മുളപ്പിക്കാൻ ആൺച്ചെടിയും പെൺച്ചെടിയും ആവശ്യമാണ്. ഔഷധക്കലവറയായതിനാൽ സ്വർഗ്ഗത്തിലെ കനിയെന്നും പറയാറുണ്ട്. പഴമായും ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കാറുണ്ട്. തുടർച്ചയായി വർഷങ്ങളോളം കായ്ഫലം ലഭിക്കും. പഴം മുറിച്ചാൽ ആഞ്ഞിലിപ്പഴത്തിന്റെ വലുപ്പത്തിൽ കടുംചുവപ്പ് നിറമുള്ള ചുള കാണാം.
മൂപ്പെത്തിയ ഏഴോളം പഴങ്ങളാണ് വിളഞ്ഞത്. 16 സെന്റ് സ്ഥലത്ത് ഓറഞ്ച്, രുദ്രാക്ഷം, കർപ്പൂരം, കായം, മാക്കോട്ട ദേവ, ഗ്രാമ്പു, മൊസമ്പി , വെസ്റ്റ് ഇന്ത്യൻ ചെറി, മധുര ളൂബിക്ക, ഇളന്തപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, മംഗോസ്റ്റിൻ, അടുതാപ്പ്, റം ബൂട്ടാൻ, ലിച്ചി, മാതളം, തായ്ലാൻഡ് പേര, കിലോ പേര, സ്ട്രോബറി പേര, നാടൻ പിസ്ത, സപ്പോട്ട, സീഡ്ലസ് ഞാവൽ, .വാഴ, കപ്പ , മത്സ്യം തുടങ്ങി പലതും ഈ കർഷകൻ കൃഷി ചെയ്തിട്ടുണ്ട്. ഭീമൻ സ്വർണ്ണക്കപ്പ വിളയിച്ചതും നിറയെ രുദ്രാക്ഷം വിളഞ്ഞതും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. തായ്ലാൻഡ് സ്വദേശിയായ ഗാഗ് ഫ്രൂട്ട് ആസ്ട്രേലിയയിലും വിയറ്റ്നാമിലും ധാരാളമായി കൃഷിചെയ്യുന്ന പഴമാണ്. കാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖത്തിനും നല്ലതാണ്.