കൊച്ചി: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പത്തു വയസുകാരനെ അയൽവാസി രക്ഷപ്പെടുത്തി. തൃക്കാക്കര കാളങ്ങാട് മൂലയിൽ ശാന്തി നഗർ ലൈനിൽ കാളങ്ങാട് വീട്ടിൽ ഷെമീന റഹിമിന്റെ മകൻ അൽറിഷമിനെയാണ് അയൽവാസി അശോക് (38) രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് നാലു മണിയോടെയാണ് സംഭവം. മറ്റു കുട്ടികളുമായി ഓടിക്കളിക്കുന്നതിനിടെ തൊട്ടടുത്ത് താമസിക്കുന്ന എൻ.എ. ബാവയുടെ വീട്ടിലെ ചുറ്റുമതിലില്ലാതെ കിണറ്റിൽ അൽറിഷം വീഴുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അശോക് കിണറ്റിലേക്ക് ചാടി കുട്ടിയെ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ തൃക്കാക്കര അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഇരുവരെയും പുറത്തെത്തിച്ചു. കുട്ടിയുടെ തലയുടെ പിൻഭാഗത്ത് മുറിവുണ്ടായിരുന്നു. രണ്ടു പേരെയും തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. തിരൂർ തലക്കളത്തൂർ ഓതങ്ങാട്ടിൽ വീട്ടിൽ അശോകൻ ഹോട്ടൽ ജീവനക്കാരനാണ്. കാക്കനാട് വാടകയ്ക്ക് താമസിക്കുകയാണ്.
അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ, എസ്.എഫ്.ആർ.ഒ ജഗപ്രസാദ്, എസ്.എഫ്.ആർ.ഒ (എം) സതീഷ് ജോസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.