കൊച്ചി: ആലുവ ചൊവ്വര ജലശുദ്ധീകരണ ശാലയുടെ നവീകരണ പ്രവർത്തനങ്ങൾ 4.82 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ ജില്ലാ ജലശുചിത്വമിഷൻ ഭരണാനുമതി നൽകി. പള്ളിപ്പുറം, കുഴിപ്പള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്‌ക്കൽ, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ നടപ്പാക്കിയ ശുദ്ധജലവിതരണ പദ്ധതിയുടെ ബാക്കിതുക ഉപയോഗിച്ചാണ് ചൊവ്വര ജലശുദ്ധീകരണശാല നവീകരിച്ചത്.

വേങ്ങൂർ, വെങ്ങോല, ശ്രീമൂലനഗരം, കാഞ്ഞൂർ, ഒക്കൽ, രായമംഗലം, ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിലെ ജലജീവൻമിഷൻ പദ്ധതിക്കായുള്ള 94.77 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതിക്കും യോഗം അംഗീകാരം നൽകി.

ജില്ലാ വികസന കമ്മിഷണർ ഷിബു കെ. അബ്ദുൾ മജീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ഹൈബി ഈഡൻ എം.പി, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ജോച്ചൻ ജോസഫ്, എക്‌സിക്യുട്ടീവ് എൻജിനിയർമാരായ വി.കെ. ജയശ്രീ, ടി.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു.