ecxice-
പിറവം എക്സൈസ് കടവ് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം മുൻ നഗരസഭാ ചെയർമാൻ സാബു.കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കോൺഗ്രസ് സമരരംഗത്ത്

പിറവം: പിറവം പാലത്തിന് 60 വയസ് പൂർത്തിയാകുന്ന ദിനത്തിൽ എക്സൈസ് കടവ് പാലത്തിന്റെ നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 101 കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു. 1001 പേർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചു.

പുതിയ പാലത്തിന് 2016ൽ യു.ഡി.എഫ്. സർക്കാർ 40 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നതാണെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. 2014ൽ 7,60,000 രൂപ ചെലവഴിച്ച് ഇൻവെസ്റ്റിഗേഷൻ ടെൻഡർ നടത്തുകയും മണ്ണ് പരിശോധന അടക്കമുള്ളവയും പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വിഭാഗം പാലം പണി ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും. പൂർത്തീകരിച്ചിട്ടുമുണ്ട്.

പിറവത്തിന്റെ വികസനത്തിനും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും എക്സൈസ് കടവ് പാലം അനിവാര്യമാണ്. 2013 മുതൽ ഈ പാലം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി നാട്ടുകാർ സമരരംഗത്താണ്. മുൻ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയർമാനുമായിരുന്ന സാബു കെ. ജേക്കബ് ഇതിനായി അഞ്ചുവർഷം മുമ്പ് ഉപവാസസമരം നടത്തിയിരുന്നു. പാലത്തിന്റെ ആവശ്യം ശക്തമായതോടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്.

പിറവം പോസ്റ്റോഫിസിന് മുന്നിൽ നടന്ന സമരം മുൻ നഗരസഭ ചെയർമാൻ സാബു.കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിൻസി രാജു, രമ വിജയൻ, മോളി ബെന്നി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പുതുവാക്കുന്നേൽ എം.ടി. പൗലോസ്, ടി.എൻ. പ്രതാപൻ, ടോണി ചെട്ടിയാകുന്നേൽ, വർഗീസ് നാരേകാട്ട്, കുര്യൻ പുളിക്കൽ, ജേക്കബ് സി. മങ്കിടി, ഏലിയാസ് വെട്ടുകുഴി, പോൾ കൊമ്പനാൽ, കെ.വി. സാജു, ജോയി മലയിൽ തുടങ്ങിയവർ സംസാരിച്ചു.