 
ആലുവ: ജനദ്രോഹകരമായ കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ സംസ്ഥാന സർക്കാരിന് നിക്ഷിപ്തതാത്പര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആരോപിച്ചു.
കെ. റെയിൽ പദ്ധതിയെ എതിർക്കുന്ന സംഘടനകളുടെ ജില്ലാസംഗമം കുട്ടമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തിമ അനുമതി ലഭിച്ച ശേഷം രേഖകൾ പുറത്തുവിടാമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിവരാവകാശ നിയമപ്രകാരം ചോദിച്ചാലും വിവരങ്ങൾ ഒളിപ്പിക്കുന്നത് ദുരൂഹമാണ്. ശാസ്ത്രീയപഠനവും സർവേയുമില്ലാതെ ആറുദിവസത്തെ ആകാശസർവേയുടെ അടിസ്ഥാനത്തിലാണ് കേരളത്തെ കീറിമുറിക്കുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണിത്.
കേരളത്തിൽ റെയിൽവേ മൂന്ന് വരിയാക്കാൻ നടപടികളാരംഭിച്ചു. ഏഴ് ഹൈസ്പീഡ് പദ്ധതികൾ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. കേരളത്തിലും 300 കിലോമീറ്റർ പദ്ധതിയിലുണ്ട്. ഈ പദ്ധതി വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം ലക്ഷക്കണക്കിന് കോടിരൂപയുടെ കെ. റെയിൽ പദ്ധതിക്കായി വാശി പിടിക്കുന്നു. ഇന്ത്യൻ റെയിൽവേയിൽ 96 ശതമാനം ബ്രോഡ്ഗേജാണ്. കേരളത്തിൽ പൂർണമായും. എന്നിട്ടും ജപ്പാനിൽ കാലാഹരണപ്പെട്ട സ്റ്റാന്റേർഡ് ഗേജ് പദ്ധതിയാണ് ഇവിടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇനിയെങ്കിലും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാതെ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കെ റെയിൽ വിരുദ്ധ ജനകീയസമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
അൻവർ സാദത്ത് എം.എൽ.എ, പ്രൊഫ. കെ. അരവിന്ദാക്ഷൻ, ജെബി മേത്തർ, കെ.ആർ. റെജി, എം.യു. ഇബ്രാഹിം, വിനു കുര്യാക്കോസ്, പി.പി. മുഹമ്മദ്, കെ.പി. സാൽവിൻ, സി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജിയുടെ ഒപ്പ് ശേഖരണവും വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്, മുസ്ലിംലീഗ്, ബി.ജെ.പി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), ആർ.എസ്.പി, ശാസ്ത്രസാഹിത്യ പരിഷത്ത്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്), എൻ.എ.പി എം, മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി, ദേശീയപാത സംയുക്തസമര സമിതി, ജനകീയ പ്രതിരോധ സമിതി, സീപോർട്ട് എയർപോർട്ട് സമരസമിതി, പൊക്കാളി സംരക്ഷണസമിതി, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, പൗരാവകാശ സംരക്ഷണസമിതി തുടങ്ങിയ സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു.