കോലഞ്ചേരി: ക്രിസ്മസ് ദിനത്തിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയുടെ ലേബർ ക്യാമ്പിൽ ലേബർ കമ്മിഷണർ പരിശോധന നടത്തി. പുരുഷ, വനിതാ ക്യാമ്പുകളിലെത്തിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ രേഖകളും പരിശോധിച്ചു. തൊഴിൽ സാഹചര്യങ്ങൾ വിശദമാക്കി റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറുമെന്ന് ലേബർ കമ്മിഷണർ എസ്. ചിത്ര പറഞ്ഞു.
തൊഴിലാളികൾ സംഘം ചേർന്ന് പൊലീസിനെ ആക്രമിച്ച ക്യാമ്പിലാണ് പരിശോധന ആരംഭിച്ചത്. തൊഴിലാളികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കൂട്ടമായി പാർപ്പിക്കുന്ന മുറികളിലെ സൗകര്യങ്ങളും പരിശോധിച്ചു.
ഫാക്ടറിക്ക് മുകൾനിലയിലുള്ള വനിതാ ഹോസ്റ്റലും പരിശോധിച്ചു. തെഴിൽ വകുപ്പിന്റെ കഴിഞ്ഞ ജൂലായിലെ കണക്ക് പ്രകാരം 1,700 ലധികം അന്യസംസ്ഥാന തൊഴിലാളികൾ കിറ്റെക്സിലുണ്ട്. 500 പേരെന്നാണ് കമ്പനി അറിയിച്ചത്. കണക്കുകളിൽ വ്യക്തത വരുത്താൻ രേഖകൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധിച്ചു.
അക്രമസംഭവങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘവും ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. അക്രമദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. വാഹനം കത്തിയതിന്റെ ഫോറൻസിക് പരിശോധന ഫലം വൈകാതെ ലഭിക്കും. 174 പേരാണ് ഇതുവരെ അറസ്റ്റിലായത്. അക്രമസംഭവത്തിലുൾപ്പെട്ട നാല് പ്രധാന പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. ഇന്നലെ അറസ്റ്റ് ചെയ്ത പത്ത് പ്രതികളെ കോലഞ്ചേരി ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.