ആലുവ: ഏകപക്ഷീയമായ ശതാബ്ദി ആഘോഷ നടപടികളുമായി ഭരണപക്ഷം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് പ്രതിഷേധിക്കുമെന്ന് ബി.ജെ.പി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറിയും നഗരസഭ പാർലിമെന്ററി പാർട്ടി ലീഡറുമായ പി.എസ്. പ്രീത എന്നിവരെ ആശംസാ പ്രാസംഗികരായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വേദി പങ്കിടാതെ ഇരുവരും സദസിലിരിക്കും. ഒപ്പം മറ്റ് ബി.ജെ.പി കൗൺസിലർമാരും പാർട്ടി പ്രവർത്തകരുമുണ്ടാകും.
ശതാബ്ദി ആഘോഷങ്ങൾക്ക് ബി.ജെ.പി എതിരല്ലെന്നും എന്നാൽ കൂടിയാലോചനകളില്ലാതെയും ദീർഘവീക്ഷണമില്ലാത്തതുമായ പദ്ധതികൾ ശതാബ്ദിയുടെ പേരിൽ പ്രഖ്യാപിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഈ സാഹചര്യത്തിലാണ് വേദി പങ്കിടാത്തത്. നിർമ്മാണം ആരംഭിക്കാത്ത മാർക്കറ്റ്, തകർന്ന റോഡുകൾ, മാലിന്യ പ്രതിസന്ധി എന്നിവക്ക് പരിഹാരം കാണാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
ജനങ്ങൾക്കൊപ്പം നിന്ന് പ്രതിപക്ഷ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടുപോകാൻ ബി.ജെ.പി പാർലിമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറിമാരായ പി.എസ്. പ്രീത, പ്രദീപ് പെരുംപടന്ന, കൗൺസിലറും മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റുമായ എൻ. ശ്രീകാന്ത്, കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, ഇന്ദിര, ട്രഷറർ ജോയി വർഗീസ്, മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി. പ്രദീഷ് എന്നിവർ പങ്കെടുത്തു.