
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ 11 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സംഘം നൽകിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി ജനുവരി 12ന് പരിഗണിക്കാൻ മാറ്റി. ഈ കേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജുവെന്നു വിളിക്കുന്ന പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയും ഇതോടൊപ്പം പരിഗണിക്കാൻ മാറ്റി. ഒമ്പതാം പ്രതി മുരളിക്ക് പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട് പോകാനായി ഒരു ദിവസത്തെ പരോൾ അനുവദിച്ചു. ഇന്നലെ വൈകിട്ട് ആറു മുതൽ ഇന്നു വൈകിട്ട് ആറുവരെയാണ് പരോൾ. ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കമുള്ള പ്രതികൾ ഹാജരായില്ല, പകരം അവധി അപേക്ഷ നൽകിയിരുന്നു.