photo
ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ഞാറക്കൽ ജയ് ഹിന്ദ് മൈതാനത്ത് നടന്ന മെഗാതിരുവാതിര

വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന നൃത്ത, സംഗീത വേദികൾ നാടിനെ ആഘോഷത്തിമിർപ്പിലാക്കി. ഗസൽസന്ധ്യയും മെഗാ തിരുവാതിരയും മധുരഗാനങ്ങളും ഉൾപ്പെടെ കലാപരിപാടികൾക്ക് വൻ ജനാവലി ആസ്വാദകരായെത്തി.
എടവനക്കാട് പുളിക്കനാട്ട് ഹാളിൽ മാപ്പിള, നാടൻ, സിനിമാറ്റിക് കലാപരിപാടികൾ അരങ്ങേറി. 31 ഇനങ്ങളിലായി 81 കലാകാരൻമാർ പങ്കെടുത്തു. എച്ച്.ഐ.എച്ച്.എസ്.എ.എസ് കുട്ടികളുടെ ഒപ്പന ആകർഷകമായി. കൊച്ചി മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്ര ഉമ്പായി സ്മരണ ഗസൽ അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിലും ഉമ്പായി സ്മരണ സമ്മേളനത്തിലുമായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സിനിമാതാരം മജീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, വൈസ് പ്രസിഡന്റ് വി. കെ. ഇഖ്ബാൽ, അംഗം കെ. ജെ. ആൽബി, സുനൈന സുധീർ, ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികളായ എ. പി. പ്രനിൽ, കെ. യു. ജീവൻമിത്ര,ഡോ. കെ. എ. അബ്ദുൾ ഗഫൂർ, സി. ഡി. എസ്. ചെയർപേഴ്‌സൺ ഗിരിജ ഷാജി എന്നിവർ പങ്കെടുത്തു.

ഞാറക്കൽ ജയ് ഹിന്ദ് മൈതാനത്ത് നടന്ന മെഗാതിരുവാതിരകളിയിൽ കുടുംബശ്രീയിലെ 67 വനിതകൾ അണിനിരന്നു. മുളവുകാട് നിന്നുള്ള സംഘത്തിന്റെ കൈകൊട്ടിക്കളിക്കു പുറമേ നാടൻപാട്ട്, പരിചമുട്ടുകളി, ഫാ. ജോസഫ് തട്ടാരശേരിയുടെ സംഗീതക്കച്ചേരി, മധുരഗാനങ്ങൾ എന്നിവയും അരങ്ങേറി.