വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി 5.3 കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ചില പദ്ധതികൾ അന്തിമഘട്ടത്തിലാണ്. തോടുകളുടെ ആഴംകൂട്ടണമെന്ന ആവശ്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിഅംഗങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഹാർബർ എൻജിനിയറിംഗ് വിഭവത്തിന്റെ നിർവഹണച്ചുമതലയിൽ വാർഡ് മൂന്നിലെ കളവമ്പാറ ഗംഗാധരൻ റോഡിന് ചെലവ് 19.80 ലക്ഷം രൂപയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഞ്ചു റോഡുകൾക്കും 98-ാം നമ്പർ അങ്കണവാടി കെട്ടിടത്തിനുമായി മൊത്തം 96.75 ലക്ഷം രൂപ പഞ്ചായത്തിൽ ചെലവിടുന്നുണ്ട്.
ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ തീരറോഡ് വികസനത്തിന്റെ (യു.സി.ആർ) പരിധിയിൽ 1.68 കോടിരൂപയാണ് മൂന്ന് റോഡുകൾക്കായി ചെലവഴിക്കുന്നത്. പതിനാലാംവാർഡിലെ സീഷോർ റോഡിന് 1.02 കോടിയും സഹോദരൻ അയ്യപ്പൻ സാക്ഷരതാറോഡിനും കാനയ്ക്കുമായി 33. 80ലക്ഷവും വാർഡ് 14 കളവമ്പാറ റോഡിന് 31.40 ലക്ഷവും തുക ചെലവഴിക്കുന്നു.
സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നിർവഹണച്ചുമതലയിൽ ആയുർവേദ ആശുപത്രി വികസനത്തിന് 2.15 കോടിയും നായരമ്പലം മത്സ്യമാർക്കറ്റിനായി 2.43രൂപയുമാണ് പദ്ധതിച്ചെലവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി വർഗീസ്, പ്രതിപക്ഷനേതാവ് എം.പി. ശ്യാംകുമാർ, അംഗങ്ങൾ, സെക്രട്ടറി കെ.വി. മനോജ് എന്നിവർ പങ്കെടുത്തു.