കളമശേരി: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ, പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. കഴിഞ്ഞ കൗൺസിൽ യോഗത്തിലെ മിനുട്സ് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതിനെ തുടർന്നാണ് യോഗം ബഹളത്തിൽ കലാശിച്ചത്. നടപടിക്രമം ലംഘിച്ച് വാഹനങ്ങൾ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിർത്തിരുന്നു. ബഹളത്തെ തുടർന്ന് അജണ്ട അംഗീകരിച്ചതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ചെയർപേഴ്സന്റെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് നൽകുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ചെയർപേഴ്സന്റെ ഓഫീസിനു മുന്നിലെത്തിയതോടെ പരസ്പരം ഉന്തും തള്ളുമായി. ഭരണകക്ഷി അംഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ചെന്നും പി.എസ്.ബിജുവിന്റെ ഷർട്ട് വലിച്ചു കീറിയെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, രണ്ട് മിനിറ്റിനകം മിനുട്സ് നൽകാമെന്നറിയിച്ചപ്പോൾ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കുകയും നഗരസഭാ രേഖകളടങ്ങിയ ഫയലുകൾ വലിച്ചെറിയുകയും ചവിട്ടിക്കൂട്ടുകയും ചെയ്യുകയായിരുന്നെന്നും ചെയർപേഴ്‌സൺ സീമാ കണ്ണൻ പറഞ്ഞു. മിനുട്സ് നൽകിയപ്പോൾ സ്വീകരിക്കാൻ തയ്യാറാകാതെ വീട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടപ്പോൾ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.
അതേസമയം, നഗരസഭയിലെ വികസന പ്രവർത്തനങ്ങളും മാലിന്യ നിർമ്മാർജന പദ്ധതികളും തടസപ്പെടുത്താൻ നടത്തുന്ന അനാവശ്യ പ്രതിഷേധങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ പ്രമോദ് തൃക്കാക്കര പറഞ്ഞു.