മൂവാറ്റുപുഴ: നഗരസഭാ കൗൺസിൽ നഗരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക റാലി വർണാഭമായി. നിർമ്മല സ്കൂൾ മൈതാനിയിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അശ്വാരൂഢൻ, ബാൻഡുമേളം, ചെണ്ടമേളം, കാവടിയാട്ടം, ലൈറ്റ് കാവടി, ബൊമ്മലാട്ടം, നാടൻ കലാരൂപങ്ങൾ, കഥകളി, പ്രച്ഛന്നവേഷം തുടങ്ങി വൈവിദ്ധ്യമാർന്ന കലാരൂപങ്ങൾ റാലിക്ക് മിഴിവേകി.
കുടുംബശ്രീ പ്രവർത്തകർ, മുത്തുക്കുട ഏന്തിയ വനിതകൾ, പരമ്പരാഗത വേഷമണിഞ്ഞ സ്ത്രീകൾ, കുട്ടിപൊലീസ്, എൻ.എസ്.എസ് വോളന്റിയർമാർ, സ്കൗട്ട്, ഗൈഡ്, നക്ഷത്രക്കൂട്ടം കലാകാരന്മാർ, പൗരപ്രമുഖർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു. റാലി കാണാൻ റോഡിന് ഇരുവശവും നല്ല തിരക്കായിരുന്നു.
മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപമുളള അർബൻ ഹാറ്റിൽ ഡീൻ കുര്യാക്കോസ് എം.പി നഗരോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം എന്നിവർ നിർധന രോഗികൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു.
വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിസ അഷറഫ്, രാജശ്രീ രാജു, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷനേതാവ് ആർ. രാകേഷ്, ചീഫ് കോ ഓർഡിനേറ്റർ കെ.ജി. അനിൽകുമാർ, കൗൺസിലർമാരായ പി.എം. സലിം, അസംബീഗം, പി.വി. രാധാകൃഷ്ണൻ, ഫൗസിയ അലി, നെജില ഷാജി, സി.ഡി.എസ് ചെയർപഴ്സൺ മേരിപോൾ എന്നിവർ സംസാരിച്ചു. കുടുംബശ്രീ കലാമേള, പുള്ളുവൻപാട്ട്, കഥകളിപ്പദം, നൃത്തം, വയലിൻ ഡ്യൂയറ്റ്, തിരുവാതിര, ഫ്ലൂട്ട് സോളോ, ഒപ്പന, ദഫ്, നാടൻപാട്ടുകൾ, സിനിമാറ്റിക് ഡാൻസ്, കോമഡി ഷോ, മാപ്പിളഗാനസന്ധ്യ എന്നിവ അരങ്ങേറി.
ഇന്ന് മുനിസിപ്പൽ ടൗൺഹാൾ മൈതാനിയിൽ വൈകിട്ട് 4 മുതൽ കലാപരിപാടികൾ, 5ന് സാംസ്കാരിക സമ്മേളനം, 5.30 മുതൽ കലാസന്ധ്യ. ഗാനമേള - മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ്. 31ന് ടൗൺ ഹാൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ കലാസന്ധ്യ, 7.30ന് മെഗാഷോ - കൊച്ചിൻ സെറിമണി.