കൊച്ചി: മയക്കുമരുന്നിനെതിരെ ജാഗ്രതയുമായി കോർപ്പറേഷൻ കൗൺസിൽ യോഗം. നഗരത്തിൽ മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതിന്റെ അപകടകരമായ അവസ്ഥയെ കുറിച്ചുള്ള അനുഭവങ്ങൾ കൗൺസിലർമാർ പങ്കുവച്ചു. സ്വന്തം മക്കൾ മാരകമായ മയക്കുമരുന്നിന്റെ അടിമയാണെന്ന യാഥാർത്ഥ്യം പൊലീസ് തെളിവുസഹിതം അറിയിക്കുമ്പോൾ മാത്രം അറിയുന്ന മാതാപിതാക്കൾ. ഏതുതരം മയക്കുമരുന്നും എളുപ്പത്തിൽ ലഭിക്കുന്ന ഇടമായി മാറിയ ഇടറോഡുകൾ. എത്രയും പെട്ടെന്ന് സമഗ്രമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ യുവതലമുറ അപ്പാടെ ദുരന്തത്തിലേക്കാണ് പതിക്കുന്നതെന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.
തൃക്കണാർവട്ടം കൗൺസിലർ കാജൽ സലീമാണ് നഗരത്തെ വിഴുങ്ങുന്ന മയക്കുമരുന്നിന്റെ ഭീകരത വ്യക്തമാക്കുന്ന അനുഭവം വിവരിച്ചത്. മയക്കുമരുന്നിന് അടിമപ്പെട്ട മകനെയും കൊണ്ട് സാമ്പത്തികമായി താഴേക്കിടയിലുള്ള സ്ത്രീ സഹായംതേടി വന്നപ്പോൾ അവരെ പാർപ്പിക്കാൻ വീടുപോലും കിട്ടിയില്ല. ഡീഅഡിക്ഷൻ സെന്ററിൽ നിന്ന് മകനെയും കൊണ്ടിറങ്ങിയ അമ്മയ്ക്ക് വേണ്ടി ഒടുവിൽ താൻ വീട് കണ്ടെത്തി കൊടുത്തു. ഇതിന്റെ പേരിൽ ചുറ്റുമുള്ളവരിൽ നിന്നും ഒട്ടേറെ വിമർശനം കേട്ടു. കൗൺസിലർ സ്ഥാനം രാജിവയ്ക്കണമോയെന്നു വരെ ചിന്തിച്ചു. കോർപ്പറേഷൻ പരിധിയിൽ ഡീഅഡിക്ഷൻ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം പ്രമേയമായി അവർ അവതരിപ്പിച്ചു.
 സ്റ്റേഡിയം പരിസരം
ലഹരി കേന്ദ്രമാകുന്നു
ഇതിനെ പിന്തുണച്ച് സംസാരിച്ച കൗൺസിലർ ദീപ്തി മേരി വർഗീസ് കലൂർ സ്റ്റേഡിയത്തിലെ മയക്കുമരുന്ന് ഉൾപ്പെടെ വിൽക്കുന്ന കടയ്ക്ക് എതിരെ റിപ്പോർട്ട് കിട്ടിയിട്ടും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തി. സ്റ്റേഡിയം ലിങ്ക് റോഡ് മയക്കുമരുന്നിന്റെയും സെക്സ് റാക്കറ്റിന്റെയും കേന്ദ്രമായി മാറിയിട്ടുണ്ട്. വിവാദ സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് പാലാരിവട്ടം പൊലീസ് രണ്ട് ആഴ്ച മുമ്പ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടും ഉദ്യോഗസ്ഥർ അനങ്ങിയിട്ടില്ലെന്നും അവർ പറഞ്ഞു.
പൊലീസ് കൊവിഡ് നിയമലംഘനം മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അതനുസരിച്ച് കട ഉടമസ്ഥന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ് മറുപടി നൽകി. വീണ്ടും പല കൗൺസിലർമാരും പ്രശ്‌നം ഉയർത്തിയതോടെ വ്യാഴാഴ്ച തന്നെ ആ കട അടപ്പിക്കുമെന്ന് കൗൺസിലിന് അദ്ദേഹം ഉറപ്പുനൽകി.
രവിപുരം ശ്രീകണ്ഠത്ത് റോഡിൽ അനധികൃതമായി പ്രവർത്തിച്ച പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കട അടപ്പിച്ചിട്ടും അതേ വ്യക്തി വഴിയോരത്ത് വിൽപന തുടരുന്ന കാഴ്ച കാണേണ്ടി വന്നെന്ന് കൗൻസിലർ എസ്. ശശികല പറഞ്ഞു. പൊലീസ് നടപടി ശക്തമാക്കുന്നില്ലെന്ന ആരോപണങ്ങളും പലരും ഉയർത്തി. ഫോർട്ടുകൊച്ചിയിലെ ഒഴിഞ്ഞുകിടക്കുന്ന തീയേറ്ററും ഹോട്ടലും ബസ് സ്റ്റാൻഡുമൊക്കെ മയക്കുമരുന്ന് ലോബി കൈയടക്കിയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.