കൊച്ചി: നഗരത്തിലെ ഏറ്റവും ദരിദ്രരായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിൽ ഉത്സാഹമില്ലാതെ കൊച്ചി കോർപ്പറേഷൻ. ആരും സഹായത്തിനില്ലാത്തവർ. റേഷൻകട വരെ പോയി അരിയും ഗോതമ്പും വാങ്ങാൻ പോലും പാങ്ങില്ലാത്തവർ. മുഖവും ശബ്ദവുമില്ലാത്ത ഈ മനുഷ്യരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി ഇരുപത് അംഗ വാർഡുതല സമിതികൾ രൂപീകരിച്ചു. ആശാവർക്കർ, കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ, രാഷ്‌ട്രീയ പ്രതിനിധികൾ എന്നിവർ സമിതിയുടെ ഭാഗമാണ്. കൗൺസിലർ അദ്ധ്യക്ഷനായ സമിതി അതത് ഡിവിഷനുകളിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പിക്കും. മൊബൈൽ ആപ്പിലാണ് വിവരശേഖരണം. പിന്നീട് ഇത് സർക്കാരിന് കൈമാറും. സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിൽ നിന്ന് ലഭിക്കുന്ന ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ക്രിയാത്മക പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് സർക്കാർ ലക്ഷ്യം.
ദരിദ്രരെ കണ്ടെത്തിയില്ല
ജനുവരി നാലിനകം അതിദരിദ്രരുടെ പട്ടിക പൂർത്തിയാക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ കോർപ്പറേഷൻ ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല.
മുന്നാക്കക്കാരിലെ
പിന്നാക്കക്കാരെ തേടുന്നു
മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമ്പിൾ സർവേ ജില്ലയിൽ പൂർത്തീകരിക്കാനുള്ളത് കോർപ്പറേഷനിൽ മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മിഷൻ ചെയർമാൻ റിട്ട്. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ മേയർ എം. അനിൽകുമാറിനെ നേരിട്ട് വിളിച്ചു.
സംസ്ഥാനത്ത് 20000 വാർഡുകളിലായി ഒരു ലക്ഷം പേരെയാണ് പഠനത്തിന് വിധേയരാക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 49 ഡിവിഷനുകളിൽ മാത്രമാണ് സർവേ പൂർത്തിയായത്. ഓരോ ഡിവിഷനിൽ നിന്നും അഞ്ചുപേരെയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. സാമ്പിൾ പഠനം മാത്രമാണെന്നും ഒരുവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ലെന്നും സർവേയുടെ ചുമലയുള്ള കുടുംബശ്രീ അധികൃതർ വ്യക്തമാക്കി.
മാനദണ്ഡങ്ങളിൽ ആശയകുഴപ്പം
മുന്നാക്ക സമുദായങ്ങളിൽ 160 വിഭാഗങ്ങളുണ്ട്. ഒരു ഡിവിഷനിൽ ശരാശരി 3000 താമസക്കാരുണ്ടാവും. ഇവരിൽ നിന്ന് അഞ്ചു പേരെ കണ്ടെത്തുന്നത് ദുഷ്കരമാണ്. സർവേ മാനദണ്ഡങ്ങളിലെ ആശയക്കുഴപ്പം സാമ്പിൾ തിരഞ്ഞെടുപ്പിനെ ബാധിച്ചു.
വി.കെ.മിനിമോൾ
യു.ഡി.എഫ് കൗൺസിലർ
സർവേ പൂർത്തീകരിക്കും
യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലാത്ത മുന്നാക്ക വിഭാഗക്കാരായ അഞ്ചു പേരുടെ പട്ടികയാണ് സർക്കാരിന് നൽകേണ്ടത്. അതിദരിദ്രരുടെ വിവരശേഖരണം ഗൗരവത്തോടെ കാണണമെന്ന് കൗൺസിലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടാവും. ഉപതിരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള തിരക്കുകൾ മൂലമാണ് സർവേ വൈകിയത്.
മേയർ എം.അനിൽകുമാർ