ആലങ്ങാട്: മോഷ്ടാക്കളുടെ ഭീഷണിയിൽ ഉറക്കംകെട്ട് കരുമാലൂർ നിവാസികൾ. ഇന്നലെ പുലർച്ചെ രണ്ടരയോടെ കരുമാലൂർ മരോട്ടിച്ചുവട് തച്ചാട്ടുപറമ്പിൽ വീട്ടിൽ സുജിത്ത്, തട്ടാംപടി കുന്നംക്കോട്ട് വീട്ടിൽ രാജപ്പൻ എന്നിവരുടെ വീടുകൾ കുത്തിത്തുറന്നു. വീട്ടുകാർ ഒച്ചവെച്ചതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. രണ്ടിടത്തും വീടിന്റെ പിന്നിലെ വാതിലാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. രാജപ്പന്റെ വീടിനു പിന്നിലെ വർക്ക് ഏരിയയുടെ വാതിൽ തകർത്താണ് പ്രധാന വാതിലിൽ എത്തിയത്. ഇവിടെനിന്ന് രണ്ടായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ആലങ്ങാട് പൊലീസ് പുലർച്ചെ തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടിടത്തു നിന്നും കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര കണ്ടെത്തി. സമീപത്തെ വീട്ടിലെ സി.സി ടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മൂന്നുമാസം മുമ്പ് തട്ടാംപടി കവലയ്ക്കു സമീപത്തെ വീട് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നു 10 പവനും 1 ലക്ഷം രൂപയും കവർന്ന മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.