തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ ഉദ്യാന ലൈബ്രറി മന്ദിരം പി.ടി.തോമസ് സ്മാരകം ആക്കാൻ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയോഗം തീരുമാനിച്ചു. നിലവിലെ ലൈബ്രറി നവീകരിച്ച് റഫറൻസ് വിഭാഗവും പ്രമുഖരുടെ പേരിലുള്ള പ്രത്യേക കോർണറുകളും സ്ഥാപിച്ചാകും പി.ടി.സ്മാരക ലൈബ്രറിയെന്ന് നാമകരണം ചെയ്യുക. ലൈബ്രറികളോടു പി.ടി.തോമസിന് ഉണ്ടായിരുന്ന താത്പര്യം മുൻനിർത്തിയാണ് നഗരസഭയുടെ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേരു നൽകുന്നത്. നഗരസഭ കൗൺസിലിന്റെ അംഗീകാരം വാങ്ങിയ ശേഷം തുടർ നടപടികൾ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ, കൗൺസിലർമാരായ ടി.ജി.ദിനൂപ്, അൻസിയ ഹക്കിം, രജനി ജീജൻ, സുമ മോഹൻ, അസ്മ ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.