പിറവം: നിയോജകമണ്ഡലത്തിലെ വേനൽക്കാല ജലവിതരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പി.വി.ഐ.പി, എം.വി.ഐ.പി. ഉദ്യോഗസ്ഥരുടെയും യോഗം പിറവം വാട്ടർ അതോറിറ്റി ഐ.ബിയിൽ ചേർന്നു. ജനുവരി പത്താം തീയതിയോടെ കനാലുകളിൽ വെള്ളം തുറന്നു വിടാനാണ് ലക്ഷ്യമിടുന്നതെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. 16 ദിവസം കൂടുമ്പോൾ തുടർച്ചയായി നാലു ദിവസം വെള്ളം തുറന്നു വിടും. മൂവാറ്റുപുഴവാലി കനാലിലൂടെയും പെരിയാർവാലി കനാലിലൂടെയും എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കനാൽ വൃത്തിയാക്കലും അറ്റകുറ്റപ്പണികളും അവസാനഘട്ടത്തിലാണ്. വിവിധ പാടശേഖരങ്ങളിലെ കൃഷിയുടെ സാഹചര്യം മനസ്സിലാക്കിയായിരിക്കും വെള്ളം തുറന്നു വിടുന്നത്. എം.വി.ഐ.പി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീകല, എം.വി.ഐ.പി. പിറവം എക്സിക്യുട്ടീവ് എൻജിനീയർ സീന. ടി.ഒ, മൂവാറ്റുപുഴ എക്സിക്യുട്ടീവ് എൻജിനീയർ രഞ്ജിത, പി.വി.ഐ.പി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷൈനി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.