
കോലഞ്ചേരി: വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ നിലച്ചിട്ട് രണ്ട് വർഷമാകുന്നു. ജില്ലയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സർക്കാർ ആശുപത്രി നൂറുകണക്കിനു രോഗികളുടെ ആശ്രയകേന്ദ്രമാണ്. രാത്രിസേവനത്തിനു ഡോക്ടർമാർ ഇല്ലാത്തതാണ് കിടത്തിചികിത്സ നിലയ്ക്കാൻ കാരണം. 7 ഡോക്ടർമാർ വേണ്ടയിവിടെ 5 പേരാണ് ഇപ്പോഴുള്ളത്. ഇവരിൽ മെഡിക്കൽ ഓഫീസറും ഓഫീസർ ഇൻചാർജും സ്ഥിരമായി ലീവിലാണ്. 60 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വടവുകോട് ബ്ലോക്കിനു കീഴിലുള്ള 6 പഞ്ചായത്തുകളിലെ നിർദ്ധന രോഗികളുടെ ആശ്രയമായ ഈ ആതുരാലയത്തിൽ കിടത്തിചികിത്സ ഉടൻ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ ഇവിടെ ദിനംപ്രതി മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തിയിരുന്നു. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്. ആശുപത്രിയോട് ചേർന്നുള്ള ഡോക്ടർമാർക്ക് വേണ്ടിയുള്ള ക്വാർട്ടേഴ്‌സിന്റെ അവസ്ഥയും ദയനീയമാണ്. കിടത്തി ചികിത്സ ഇല്ലാതായതോടെ പലപ്പോഴും സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് രോഗികൾക്ക്.
പ്രക്ഷോഭത്തിലേക്ക്
ഒന്നര വർഷം മുമ്പ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. എക്‌സ് റേ യൂണിറ്റിനു കെട്ടിടം നിർമ്മിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല. പോസ്റ്റുമോർട്ടം ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്നു. അത്യാഹിത വിഭാഗം, മോർച്ചറി, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, പോസ്റ്റുമോർട്ടം, എക്‌സ് റേ, കുട്ടികൾക്കു വേണ്ടി പ്രത്യേക വിഭാഗം, ഫാർമസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവർത്തനം മൊത്തത്തിൽ താളം തെറ്റുകയാണ്.
വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുത്തൻകുരിശ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക്. 24 മണിക്കൂറും ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും സേവനം ഉറപ്പു വരുത്തുക, സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുവാനുള്ള നടപടി സ്വീകരിക്കുക, കിടത്തിചികിത്സയും ലാബിന്റെ പ്രവർത്തനവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
ഡോക്ടർമാരുടെ അവഗണനയും അനാസ്ഥയും കാരണം കുറച്ചു നാളുകളായി രോഗികൾ ഇവിടെയെത്താത്ത അവസ്ഥയാണുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷൻ വാർഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.75 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
ജൂബിൾ ജോർജ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
വടവുകോട് ബ്ളോക്ക്