ആലുവ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൂടുതൽ ലഹരി വിമുക്ത കേന്ദ്രങ്ങൾ തുറക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. 14 ജില്ലാ കേന്ദ്രങ്ങളിലെയും ലഹരി വിമുക്ത കേന്ദ്രങ്ങൾ മുഖേന ആയിരങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ, എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിമുക്തി വാരത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ചും വിമുക്തിയുടെ പ്രവർത്തനം തുടങ്ങും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഗൗരവത്തോടെയും ബുദ്ധിപൂർവമായും നേരിടണം. നഗര - ഗ്രാമങ്ങളിലെ ലഹരി കേന്ദ്രങ്ങൾ ജനകീയ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണം. സ്കൂൾ - കോളേജ് തലങ്ങളിൽ ലഹരിക്കെതിരായ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ടെന്നും ഗ്രന്ഥശാലകൾക്ക് ഇക്കാര്യത്തിൽ മികച്ച സംഭാവന നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി വി.കെ. മധു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പി.ആർ. രഘു, അൻവർ അലി, സതി ലാലു, അഭിലാഷ് അശോകൻ, സനിത റഹീം, ലിറ്റിഷ്യ ഫ്രാൻസിസ്, എ.പി. ഉദയകുമാർ, ഷാജി നീലേശ്വരം, കെ. രവിക്കുട്ടൻ, പി. തമ്പാൻ എന്നിവർ സംസാരിച്ചു.
രാവിലെ ചിത്രരചന, ഉപന്യാസ രചന മത്സരങ്ങളും വനിതാ സംഗമം, ലൈബ്രറി കൗൺസിൽ അംഗങ്ങൾക്കുള്ള ശിൽപ്പശാല, ലഹരി വിമുക്ത നവകേരളം ക്ലാസ്, ഓട്ടൻതുള്ളൽ, തെരുവ് നാടകം എന്നിവയും നടന്നു.