കളമശേരി: നഗരസഭയിൽ ചെയർപേഴ്സൺ സീമാ കണ്ണനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ ഓഫീസിൽ ഉപരോധം ഏർപ്പെടുത്തി. ബുധനാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ ഉന്തും തള്ളും വാക്കേറ്റവും നടന്നതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ പ്രതിഷേധം . തുടർന്ന് പൊലീസെത്തി 19 ഓളം കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

സീമാ കണ്ണൻ സിറ്റി പൊലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തു. പട്ടികജാതി സ്ത്രീ സംവരണത്തിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്‌സണായ തന്നെ ഭരണഘടന അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും കൗൺസിൽ യോഗത്തിൽ അനാവശ്യബഹളം സൃഷ്ടിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നാണ് പരാതി.

യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൗൺസിലർമാർ നടത്തുന്ന സമരത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻവർ കരീം, ജില്ലാ സെക്രട്ടറി ഷംസു തലക്കോട്ടിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എം.നജീബ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ മനാഫ് പുതുവായിൽ, റഫീക്ക് തെക്ക്, സെക്രട്ടറി മനോജ് മണി എന്നിവർ പ്രതിഷേധം അറിയിച്ചു.