ആലുവ: ആലുവയിൽ ദേശീയ നിലവാരത്തിലുള്ള മാർക്കറ്റ് നിർമ്മിക്കാൻ സംസ്ഥാന സർക്കാർ സഹായം നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആലുവ നഗരസഭയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തറക്കല്ലിട്ട് എട്ട് വർഷമായിട്ടും നിർമ്മാണം തുടങ്ങാനാകാത്ത സാഹചര്യം അൻവർ സാദത്ത് എം.എൽ.എയും ചെയർമാൻ എം.ഒ. ജോണും ചൂണ്ടികാട്ടിയതിനെ തുടർന്നാണ് മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തത്.
പെരിയാറിന്റെ തീരത്തുള്ള, നൂറ് വർഷം പിന്നിട്ട ആലുവ നഗരസഭയെ കൂടുതൽ സുന്ദരമാക്കാൻ എല്ലാ സഹായവും സർക്കാർ നൽകും. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നഗരസഭയ്ക്ക് കഴിയണം. സമ്പന്നർഅതി സമ്പന്നരാകുന്ന കാലത്ത് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണ കൊടുക്കുന്നത്. വികസനകാര്യത്തിൽ കക്ഷിരാഷ്ട്രീയം വേണ്ടെന്നും പാവപ്പെട്ടവനെ സഹായിക്കാനുള്ള രാഷ്ട്രീയമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, വി. സലീം, എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ സ്വാഗതവും സ്വാഗത സംഘം കൺവീനർ എം.എൻ സത്യദേവൻ നന്ദിയും പറഞ്ഞു.
ബി.ജെ.പിയുടെ പരാതി:
തിരുത്തുമെന്ന് ചെയർമാൻ
ആലുവ: ശതാബ്ദി ആഘോഷം ഭരണപക്ഷം ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതായും മാർക്കറ്റ് നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തതയില്ലെന്നും ആരോപിച്ച് ശതാബ്ദി ആഘോഷ ഉദ്ഘാടന വേദി ബഹിഷ്കരിച്ച ബി.ജെ.പിയുടെ നടപടിയെ അംഗീകരിച്ച് നഗരസഭ ചെയർമാന്റെ പരസ്യ കുറ്റസമ്മതം.
മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ശതാബ്ദി ഉദ്ഘാടന യോഗത്തിലാണ് ചെയർമാൻ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുറന്ന മനസോടെ സ്വീകരിക്കുകയും തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ബി.ജെ.പി പറഞ്ഞ കാരണങ്ങളെല്ലാം ശരിയാണ്. അക്ഷന്തവ്യമായ തെറ്റാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായതതെന്നും തിരുത്തുമെന്നും ചെയർമാൻ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി, ഉദ്ഘാടന സമ്മേളനത്തിൽ ആശംസപ്രാസംഗികരായി നോട്ടീസിൽ ചേർത്തിരുന്ന ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറിയും നഗരസഭ പാർലിമെന്ററി പാർട്ടി ലീഡറുമായ പി.എസ്. പ്രീത എന്നിവരെല്ലാം സദസിലാണ് ഇരുന്നത്. ആശംസ അർപ്പിക്കാനും തയ്യാറായില്ല. ഒപ്പം മറ്റ് ബി.ജെ.പി കൗൺസിലർമാരും പാർട്ടി പ്രവർത്തകരും സദസിലുണ്ടായിരുന്നു.
വീഴ്ച്ച അംഗീകരിച്ച് തിരുത്താൻ സന്നദ്ധമായ നഗരസഭ ചെയർമാന്റെ നടപടിയെ ബി.ജെ.പി പ്രവർത്തകർ സ്വാഗതം ചെയ്തു.