മട്ടാഞ്ചേരി: പഴയകാല പടക്കുതിരകൾ ബൂട്ടണിഞ്ഞ് കളിക്കളത്തിലിറങ്ങിയപ്പോൾ ആവേശം പകരാൻ കാണികളും മത്സരിച്ചു. ഫുട്ബാൾ ജൂനിയർ ഇന്ത്യൻ കാപ്ടനായിരുന്ന പി.പി.തോബിയാസ്, സന്തോഷ് ട്രോഫി താരം ചെറിയാൻ പെരുമാലി എന്നിവരടക്കമുള്ളവർ കളിക്കാനിറങ്ങി. ഇ.കെ.അബ്ദുകോയ സ്മാരക ടീം ,പി.പി.ജോർജ് സ്മാരക ടീം എന്നിങ്ങനെയായി രണ്ടു ടീമുകളായാണ് മത്സരിച്ചത്. മത്സരത്തിൽ ഇ.കെ.അബ്ദു കോയ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. മത്സരം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി വെട്രൻസ് ഫുട്ബാളേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പ്രിയ പ്രശാന്ത് ,എം.ഹബീബുള്ള, പി.എം. ഇസ്‌മുദ്ധീൻ, ബെന്നി ഫെർണാണ്ടസ്, മുൻ മേയർ കെ.ജെ.സോഹൻ, കാപ്ടൻ കെ.മോഹൻദാസ് , സംസ്ഥാന ഗുസ്തി അസോസിയേഷൻ സെക്രട്ടറി എം.എം.സലീം, ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ദിനേശ് കമ്മത്ത്, കെ.എം.സേവ്യർ, കാപ്ടൻ സി.വൈ.ഹംസ, എൻ.കെ.നാസർ എന്നിവർ സംസാരിച്ചു. പി.പി.തോബിയാസ് ,എം.എം.അഷറഫ് ,കെ.എ.മുഹമ്മദ് അഷറഫ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.