gurder
തുരുത്ത് നടപ്പാലത്തിന്റെ മറുകരയിൽ കാലങ്ങളായി സൂക്ഷിച്ചിരുന്ന ഗർഡറുകളിൽ കയറിയ വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റി നടപ്പാത വൃത്തിയാക്കിയ നിലയിൽ

ആലുവ: അറ്റകുറ്റപ്പണിക്കായി അടച്ചുപൂട്ടിയ ആലുവ തുരുത്ത് റെയിൽവേ നടപ്പാലം ഇന്നലെ നാട്ടുകാർക്ക് തുറന്ന് കൊടുക്കുമെന്ന റെയിൽവേയുടെ പ്രഖ്യാപനം നടപ്പായില്ല. അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ലെന്നാണ് വിശദീകരണം. ജനുവരി രണ്ടിന് തുറക്കുമെന്ന പ്രഖ്യാപനവുമുണ്ട്.

ഇന്നലെ രാവിലെ പാലം തുറന്നുവെന്ന പ്രതീക്ഷയിൽ തുരുത്ത് ഭാഗത്ത് നിന്നും കാൽനടയായി എത്തിയവർ നിരാശയോടെ മടങ്ങുകയായിരുന്നു. കവാടം അടച്ചുകെട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ റെയിൽവേ അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് പ്രതീക്ഷിച്ചത് പോലെ അറ്റകുറ്റപ്പണി തീർന്നിട്ടില്ലെന്നും ജനുവരി രണ്ടിന് തുറക്കുമെന്നും വീണ്ടും പ്രഖ്യാപനമുണ്ടായത്. 100 ദിവസം മുമ്പാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചത്. അതേസമയം, കാൽനട യാത്രക്കാർക്ക് തടസമായി പാലത്തിന്റെ മറുകരയിൽ കാലങ്ങളായി സൂക്ഷിച്ചിരുന്ന ഗർഡറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും അതും നടപ്പായില്ല. പകരമായി വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റിയിട്ടുണ്ട്.

.