നെടുമ്പാശേരി: കാലടി ശൃംഗേരി മഠം, ആദിശങ്കര അദ്വൈത അഖാഡ, ഹിന്ദു ധർമ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ലോകശാന്തിക്കായി ദക്ഷിണേന്ത്യ സന്യാസി സംഗമവും പൂർണാ നദി ആരതിയും ജനുവരി 13ന് നടക്കും. പ്രകൃതിയുടെ തുലനാവസ്ഥ പുന:സ്ഥാപിക്കുന്നതിന് നദീ സംരക്ഷണം ലക്ഷ്യമാക്കി കുംഭമേള മാതൃകയിൽ ലഘു പുഷ്‌കറും സംഘടിപ്പിക്കും.

എല്ലാ വർഷവും മകരവിളക്കിന് തലേന്ന് ജനുവരി 13ന് ലഘു പുഷ്‌കർ സംഘടിപ്പിക്കുമെന്ന് ആദിശങ്കര അദ്വൈത അഖാഡ ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി, അയ്യപ്പ സേവാ സംഘം അദ്ധ്യക്ഷൻ കാലടി മോഹൻദാസ്, വീരഹനുമാൻ കോവിൽ ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് തുടങ്ങിയവർ അറിയിച്ചു. 13ന് രാവിലെ 9 മുതൽ 11 വരെ അത്താണി വീര ഹനുമാൻ കോവിലിൽ വിഷ്ണു സഹസ്ര നാമജപവും നാരായണീയ പാരായണവും നടക്കും. 11 ന് ആഞ്ജനേയ തത്വപ്രഭാഷണവും സന്യാസി സമ്മേളനവും ചർച്ചയും ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. കാശി മഠാധിപതി സ്വാമി രാഘവേന്ദ്ര തീർഥ മഹരാരാജ് പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് കാലടി ആദിശങ്കര സ്തൂപത്തിൽ ലോക ശാന്തി സമാധാന പ്രാർഥന, 3.30 മുതൽ 5.30 വരെ ശൃംഗേരി മഠത്തിൽ ജഗത് ഗുരുവിന്റെ ജീവിത ചരിത്ര ചർച്ച, സന്യാസി സമ്മേളനം എന്നിവ നടക്കും. ശ്രീരാമാനന്ദ ആശ്രമം മാനേജിംഗ് ഡയറക്ടർ സ്വാമി ഡോ.ധർമ്മാനന്ദ മുഖ്യപ്രഭാഷണം നടത്തും. 5.45ന് പൂർണാനദി മുതലക്കടവിൽ പ്രതിജ്ഞ, ആരതി, ദേശീയഗാനം എന്നിവയുണ്ടാകും.