മൂവാറ്റുപുഴ: പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ഫിഷറീസ് വകുപ്പ്, 'സുഭിക്ഷ കേരളം' പദ്ധതി പ്രകാരം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭയിലും പൊതു കുളങ്ങളിൽ വളർത്താനുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം വാളകം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് രജിതാ സുധാകരനും പായിപ്ര ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് മാത്യൂസ് വർക്കിയും മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആൻസി ജോസും ആയവന ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് രാജൻ കടയ്‌ക്കോട്ടും മൂവാറ്റുപുഴ നഗരസഭയിൽ വൈസ് ചെയർപേഴ്‌സൺ സിനി ബിജുവും നിർവഹിച്ചു. ചടങ്ങിൽ ഉദയംപേരൂർ മത്സ്യഭവൻ പ്രോജക്ട് കോഡിനേറ്റർ ശ്യാംലാൽ പി. എസ്, പ്രമോട്ടർമാരായ ഷിബി ഐസക്, ബിന്ദു പോൾ, അബിൻ പോൾ അബ്രഹാം എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്ത് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ നഗരസഭയിലേയും 51 പൊതുജലാശയങ്ങളിലും നിക്ഷേപിക്കുന്നതിനാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുഭിഷ കേരളം പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കട്‌ല, റൂഹ്, മൃഗാൾ, ഗ്രാസ് കാർപ്പ് ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.