കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിലെ ഒന്നാം ക്ളാസ് മുതൽ ഏഴുവരെയുള്ള കുട്ടികളുടെ പഠനനിലവാരം അളക്കുന്നതിന് വേണ്ടി 'ദിശ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ പഠനപുരോഗതി രേഖ തയ്യാറാക്കുന്നു. ഓരോ ക്ലാസിൽ നിന്നും ഓരോവിഷയത്തിലും തന്റെ കുട്ടി നേടേണ്ട പഠനനേട്ടങ്ങൾ എന്തൊക്കെയെന്നും അവ എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രക്ഷിതാക്കൾക്ക് തന്നെ പരിശോധിക്കാൻ കഴിയും. പഠനപുരോഗതി രേഖ തയ്യാറാക്കിയതിന് ശേഷം പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ വിട്ട് പഠിപ്പിക്കുന്ന
മുഴുവൻ രക്ഷിതാക്കൾക്കും പരിശീലനം നൽകും. ദിശാ എഡ്യൂക്കേഷൻ റിസർച്ച് യൂണി​റ്റിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേ​റ്റർ ടി.ടി. പൗലോസ് രൂപരേഖ അവതരിപ്പിച്ചു.