
അങ്കമാലി: നായത്തോട് സ്കൂൾ ജംഗ്ഷനിലെ റേഷൻകട ഭാഗത്തെ പ്രധാന വളവിലെ അപകട കുഴികൾ പതിനേഴാം വാർഡ് വികസ സമിതിയുടെ നേതൃത്വത്തിൽ കോൺക്രീറ്റു ചെയ്തു. നേരത്തെ ടൈൽ വിരിച്ചിരുന്ന റോഡിൽ കേബിൾ ഇടുന്നതിനായി പൊളിച്ചതോടെ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചിതറിക്കിടക്കുന്ന മെറ്റിലിൽ തെന്നി വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപെടുകയും ചെയ്തിരുന്നു. കൗൺസിലർ ടി. വൈ. ഏല്യാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെ കോൺക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി.