minnal-murali

കൊച്ചി: 190 രാജ്യങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട മലയാളത്തിന്റെ 'മിന്നൽ മുരളി' തരംഗമാകുന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ ലോകമെമ്പാടും ഏറ്റവുമധികം പേർ കണ്ട ഇംഗ്ളീഷ് ഇതര സിനിമകളിൽ നാലാംസ്ഥാനം, ഏറ്റവുധികംപേർ കണ്ട ആദ്യത്തെ മലയാളസിനിമ എന്നീ റെക്കാർഡുകളും മിന്നൽ മുരളിക്കാണ്.

ഡിസംബർ 24ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസത്തിനകം 59,90,000 മണിക്കൂർ സമയമാണ് ലോകമെങ്ങും കണ്ടത്. ഫ്രഞ്ച് സിനിമ വിക്കി ആൻഡ് ഹെർ മിസ്റ്ററിക്കാണ് ഒന്നാംസ്ഥാനം. 11 രാജ്യങ്ങളിൽ ഏറ്റവുമധികംപേർ കണ്ട 10 സിനിമകളിൽ മിന്നലുണ്ട്.

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും മിന്നൽ റിലീസ് ചെയ്തു. സ്പാനിഷ്, പോർച്ചുഗീസ് ഉൾപ്പെടെ എട്ടുഭാഷകളിൽ ഡബ്ബ് ചെയ്തും ഇംഗ്ളീഷിന് പുറമെ 38 ഭാഷകളിൽ സബ്ടൈറ്റിൽ ഉപയോഗിച്ചും പ്രദർശിപ്പിച്ചു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് സോഫിയ പോൾ നിർമ്മിച്ച സിനിമയിൽ ടൊവിനോ തോമസാണ് മിന്നൽ മുരളിയെന്ന നായകൻ. ഗുരു സോമസുന്ദരം പ്രതിനായകനും. ഇടിമിന്നലേറ്റതിനെ തുടർന്ന് അമാനുഷികസിദ്ധി ലഭിക്കുന്ന നായകൻ നാടിന്റെ രക്ഷകനാകുന്നതാണ് ഇതിവൃത്തം. ഇന്ത്യൻ യുവതാരങ്ങളിൽ ടൊവിനോ തോമസിന് ലോകസ്വീകാര്യതയും മിന്നൽ മുരളിയിലൂടെ ലഭിക്കുകയാണ്.

പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് സി​നി​മ നേടുന്നതെന്ന് നിർമ്മാതാവ് സോഫിയ പോൾ കേരളകൗമുദിയോട് പറഞ്ഞു. കോമി​ക് ശൈലിയി​ൽ അമാനുഷികന്റെ കഥ മലയാളികൾ സ്വീകരിക്കുമോയെന്ന ആശങ്കയിലായിരുന്നു. മിന്നലിനെക്കുറിച്ച് മികച്ച നിരൂപണമാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥ രചിച്ചത്. കൊവിഡ്, ലോക്ക്‌ഡൗൺ പ്രതിസന്ധികൾ അതിജീവിച്ച് രണ്ടുവർഷം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്.

 രണ്ടാം ഭാഗവും വരുന്നു

മിന്നൽ മുരളിയുടെ രണ്ടാംഭാഗവും നിർമ്മിക്കും. കഥയുടെ ആദ്യരൂപം തയ്യാറായി. തിരക്കഥാരചന ഉൾപ്പെടെ ഉടൻ ആരംഭിക്കും.