വൈപ്പിൻ: ജില്ലയിൽ ഏറ്റവും കൂടുതൽ ആനകളും ഉത്സവപ്രേമികളും പങ്കെടുത്തിരുന്ന ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇത്തവണയും പൊലിമ കുറയും. 33 ആനകളെ വരെ എഴുന്നള്ളിച്ചിരുന്നതാണ് ഇവിടുത്തെ പൂരത്തിന്. എന്നാൽ പിന്നീട് ആനപരിപാലന നിയമങ്ങൾ കർശമായതോടെ ആനകളുടെ എണ്ണം 15 ൽ ഒതുങ്ങി. കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തിടമ്പ് കയറ്റിയ രണ്ടാനകളെ മാത്രമാണ് എഴുന്നള്ളിച്ചത്. കൊവിഡ് വ്യാപനത്തിന് ശമനമായതോടെ ഈ വർഷത്തെ ഉത്സവം പഴയതുപോലെ പെരുമയോടെ നടക്കുമെന്നായിരുന്നു ഉത്സവ പ്രേമികൾ പ്രതീക്ഷിച്ചിരുന്നത്. ഒമിക്രോണിന്റെ വരവോടെ സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളുടെ പിടിയിലാകുമ്പോൾ ചെറായി പൂരത്തിന്റെയും പൊലിമ മങ്ങുകയാണ്.
ഭഗവാന്റെ തിടമ്പ് കയറ്റി എഴുന്നെള്ളിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി തെക്ക്-വടക്ക് ചേരുവാരങ്ങൾ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊമ്പനാനകളെ എഴുന്നെള്ളിക്കാറുണ്ടായിരുന്നു. കണ്ടമ്പിള്ളി ബാലനാരായണൻ, പാമ്പാടി രാജൻ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, എഴുത്തച്ഛൻ ശ്രീനിവാസൻ, മംഗലാംകുന്ന് ഗണപതി, തൃക്കടവൂർ ശിവരാജു, ചിറയ്ക്കൽ കാളിദാസൻ, പുത്തൻകുളം അനന്തപത്മനാഭൻ തുടങ്ങി സംസ്ഥാനത്തെ തലയെടുപ്പുള്ള കൊമ്പന്മാർ ചെറായിയിൽ അണിനിരന്നിട്ടുണ്ട്. ഇത്തവണ ചേരുവാരങ്ങളില്ലാത്തതിനാൽ തലപൊക്ക മത്സരവും ഉണ്ടാകില്ല. പകൽപൂരം അവസാനിക്കുമ്പോഴുള്ള കരിമരുന്ന് പ്രയോഗത്തിനും ഏറെ കാഴ്ച്ചകാരുണ്ടായിരുന്നതാണ്. ഇതിലും കർശന നിയന്ത്രങ്ങൾ വന്നതോടെ രണ്ട് ചേരിയായുള്ള വെടിക്കെട്ടുകളും ഉപേക്ഷിക്കപ്പെട്ടു.
നാടകം, ഗാനമേളകൾ തുടങ്ങി ജനശ്രദ്ധ ആകർഷിക്കുന്ന കലാപരിപാടികൾക്കും ഏറെ പ്രശസ്തമായിരുന്നു 10 ദിവസത്തെ ചെറായി ഉത്സവം. ഇത്തരം പരിപാടികളും ഇത്തവണ ഉണ്ടാകില്ല. വൈകിട്ട് 5നും 7നും ഇടയിൽ നടത്തുന്ന ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ തുടങ്ങിയ ക്ഷേത്രകലകളും കുട്ടികളുടെ നൃത്തങ്ങളും മാത്രമാക്കി ചുരുക്കി ഇത്തവണത്തെ കലാപരിപാടികൾ. തൈപൂയ ദിവസത്തെ കാവടി ഘോഷയാത്രകളും ഉപേക്ഷിക്കപ്പെട്ടു. ജനുവരി 10നാണ് ഇത്തവണത്തെ ഉത്സവം ആരംഭിക്കുന്നത്. 20ന് പൂരവും 21ന് പുലർച്ചെയുള്ള ആറാട്ടുമായി ഉത്സവം സമാപിക്കും.