
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ നാലാംപ്രതി കല്പറ്റ സ്വദേശി വിജിത്ത് വിജയന്റെ ജാമ്യഹർജി എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. മൂന്നാംപ്രതി ഉസ്‌മാന്റെ ജാമ്യാപേക്ഷയും കഴിഞ്ഞയാഴ്ച കോടതി തള്ളിയിരുന്നു. ഒന്നും രണ്ടും പ്രതികളായ അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവർക്ക് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഇവർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ അലനും ത്വാഹയ്‌ക്കും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും മറ്റു പ്രതികളുടെ കാര്യം അങ്ങനെയല്ലെന്നും കോടതി വിലയിരുത്തി. വിജിത്തിനും ഉസ്മാനുമെതിരെ ഗുരുതര സ്വഭാവമുള്ള തെളിവുകൾ എൻ.ഐ.എ ഹാജരാക്കിയിരുന്നു. 2019 നവംബർ ഒന്നിനാണ് പന്തീരാങ്കാവിൽ വച്ച് അലനും താഹയും അറസ്റ്റിലായത്.