മൂവാറ്റുപുഴ: സ്നേഹവീട്ടിലെ അന്തേവാസികൾക്കൊപ്പം പേഴയ്ക്കാപ്പിള്ളി സ്നേഹസ്പർശം കൂട്ടായ്മയും ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികളും ഒത്തുചേർന്നു. സ്നേഹവീട്ടിലെ അന്തേവാസികൾക്കും ഒരേ നിറത്തിലെ ഡ്രസും ക്രിസ്‌മസ് കേക്കും മറ്റ് സമ്മാനങ്ങളും നൽകി അന്തേവാസികളെ ആദരിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച പലവ്യഞ്ജന സാധനങ്ങളും മറ്റ് സമ്മാനങ്ങളും നൽകി. അമ്മമാരോടൊപ്പം ആടിയും പാടിയും സന്തോഷം പങ്കിട്ടു. ഉച്ചഭക്ഷണം തയ്യാറാക്കാൻ വിദ്യാർത്ഥികളും ഒപ്പം കൂടി. ഓരോ അമ്മമാരെ ഓരോ വിദ്യാർത്ഥികൾ രാവിലെ ഏറ്റെടുത്തു തിരിച്ച് വരുന്നതുവരെ അവരുടെ എല്ലാമെല്ലാം ആയി. മൂവാറ്റുപുഴ സ്നേഹ വീട്ടിൽ നടന്ന ആഘോഷ പരിപാടിയിൽ സ്നേഹസ്പർശം കൂട്ടായ്മയ്ക്ക് വേണ്ടി അഡ്മിൻ അൻവർ ഷാഹുൽ തേക്കുംകുഴിയിൽ, എസ്.കെ. ബാവ, കെ.ഇ.നൂറുദ്ദീൻ നാസർ ഹമീദ് ലിനാസ്, വലിയപറമ്പിൽ ശിഹാബ് ബിജു നൗഷാദ്, ഈസ്റ്റ് മാറാടി സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, സീനിയർ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ പി. സമീർ സിദ്ദീഖി, രതീഷ് വിജയൻ കൃഷ്ണജ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേജ് ആർട്ടിസ്റ്റ് അഭിലാഷ് ആട്ടായം മിമിക്രിയും ഗായകൻ റഷ്യയിൽ സൂര്യയും സംഘവും ഗാനമേളയും അവതരിപ്പിച്ചു. മുഖ്യാതിഥിയായി ജീവകാരുണ്യ പ്രവർത്തകരായ കെ.വി. മനോജ്, സബീർ മൂവാറ്റുപുഴ, സ്നേഹവീട് ചെയർമാൻ ബിനീഷ് കുമാർ, സൂപ്രണ്ട് ജിമ്മി ഏലിയാസ്, അമൃത പി.ആർ, എന്റെ പാമ്പാക്കുട കൂട്ടായ്മ അഡ്മിൻ സിബി ജോളി, സുനിത എന്നിവർ പങ്കെടുത്തു. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി വിവിധ മേഖലയിൽ വിജയം നേടിയവർക്ക് പ്രശസ്തിപത്രങ്ങൾ വിതരണം ചെയ്തു.