
കൊച്ചി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ പുതുവത്സരാഘോഷം ലക്ഷദ്വീപിൽ. ഇന്നലെ കൊച്ചി വഴി അദ്ദേഹം ലക്ഷദ്വീപിലെത്തി. ഭാര്യ ഉഷയും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.
അഞ്ചുദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനമാണ് ഉപരാഷ്ട്രപതി നടത്തുന്നത്. ചെന്നൈയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ 10ന് നാവിക വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മേയർ അഡ്വ.എം. അനിൽകുമാർ, കെ.ജെ. മാക്‌സി എം.എൽ.എ, റിയർ അഡ്മിറൽ ആന്റണി ജോൺ, സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, അഡിഷണൽ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഉപരാഷ്ട്രപതി നാളെ രാവിലെ കൊച്ചിയിൽ തിരിച്ചെത്തും. 2, 3 തീയതികളിൽ കൊച്ചിയിലും കോട്ടയത്തും പരിപാടികളിൽ പങ്കെടുത്തശേഷം 4ന് രാവിലെ കൊച്ചിയിൽനിന്ന് മടങ്ങും.