boat

കൊച്ചി: വാട്ടർ മെട്രോയ്ക്കായി ബാറ്ററിയിൽ ഓടുന്ന കേരളത്തിലെ ആദ്യ ഇലക്ട്രിക് ബോട്ട് സർവീസിന് സജ്ജമായി. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ബോട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറി.100 സീറ്റുള്ള 23 ബോട്ടുകളിൽ ആദ്യത്തേതാണിത്. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയും. അഞ്ച് ബോട്ടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതും കൈമാറും.

76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ മെട്രോ. വാട്ടർ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഫ്ളോട്ടിംഗ് ജെട്ടികളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
ഷിപ്പ്‌യാർഡിൽ ബോട്ടിനുള്ളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്റ ബോട്ട് ഏറ്റുവാങ്ങി. ബെഹ്റയുടെ ഭാര്യ മധുമിത ബോട്ടിന് മുസിരിസെന്ന് നാമകരണം ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എം.ഡി മധു എസ് നായർ, കെ.എം.ആർ.എം.എൽ ഡയറക്ടർമാരായ കെ.ആർ. കുമാർ, ഡി.കെ. സിൻഹ, ഷിപ്പ്‌യാർഡ് ഡയറക്ടർമാരായ ബിജോയ് ഭാസ്‌കർ, വി.ജെ. ജോസ്, വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ, അഡീഷണൽ ജനറൽ മാനേജർ സാജൻ പി. ജോൺ, ഷിപ്പ്‌യാർഡ് ജനറൽ മാനേജർ ശിവകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബോട്ടിന്റെ മേന്മകൾ

 ബാറ്ററിയിൽ ഓടുന്നതിനാൽ മലിനീകരണമില്ല
 പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാം

 10-15 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം.
 അലൂമിനിയം കറ്റാമരൻ ഹള്ളിലാണ് നിർമിതി
 കയറാനും ഇറങ്ങാനും എളുപ്പം