ഇടുക്കി: അകാലത്തിൽ മരണമടഞ്ഞ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസിന്റെ ചിതാഭസ്മ പ്രയാണവും സ്മൃതിയാത്രയും മൂന്നിന് രാവിലെ കൊച്ചിയിൽ നിന്ന് ആരംഭിച്ച് രാവിലെ 10.30ന് ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ നേര്യമംഗലത്ത് എത്തിച്ചേരും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ചിതാഭസ്മം ഏറ്റുവാങ്ങും. തുടർന്ന് 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാർകുട്ടി, രണ്ടിന് പാറത്തോട്,​ മൂന്നിന് മുരിക്കാശ്ശേരി എന്നീ കേന്ദ്രങ്ങളിൽ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവേറ്റ് ആദരവ് അർപ്പിക്കും. നാലിന് ജന്മനാടായ ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ തന്റെ അമ്മയുടെ കബറിടത്തിൽ പി.ടി. തോമസിന്റെ ചിതാഭസ്മം സംസ്‌കരിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ, ജില്ലയിലെ കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുക്കും.