തൃക്കാക്കര: സ്വകാര്യ ബസ്സുകളുടെ ടാക്‌സ് ഒഴിവാക്കണമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ആവശ്യപ്പെട്ടു. കൊവിഡ് കാലവും ഇന്ധനവിലവർദ്ധനവും ബസ്സുകളിൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചതും ഈ വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഒന്നും രണ്ടും കൊവിഡ് കാലഘട്ടം കഴിഞ്ഞ് ബസ് ചാർജ്ജ് വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സമരം പ്രഖ്യാപിക്കുകയും മന്ത്രിതലത്തിൽ ചർച്ച നടത്തിയതിന്റെ ഭാഗമായി സമരം പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാനനിമിഷത്തിൽ ടാക്‌സ് അടയ്ക്കണമെന്ന നിർദേശം ബസ്സുടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കെ.ബി.ടി.എ സംസ്ഥാന ജോ.സെക്രട്ടറി കെ.എ. നജീബ് പറഞ്ഞു. ഒമിക്രോൺവരവും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കേരളത്തിലെ 90 ശതമാനം ബസ്സുകളും ടാക്‌സ് അടയ്ക്കാൻ കഴിയാതെ വീണ്ടും ഓട്ടംനിർത്തേണ്ടിവരുന്ന സാഹചര്യമാണ്.