
കൊച്ചി: കഴിഞ്ഞ സെപ്‌തംബറിൽ വിവിധ വിദേശ സ്കീമുകളിൽ നിക്ഷേപിക്കാനായി ഇന്ത്യക്കാർ ചെലവാക്കിയത് 200 കോടി ഡോളറോളം (15,000 കോടി രൂപ). പ്രായഭേദമന്യേ ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തെ അനുവദനീയമായ പദ്ധതികളിൽ പ്രതിസമ്പദ്‌വർഷം 2.50 ലക്ഷം ഡോളർ (1.87 കോടി രൂപ) വരെ നിക്ഷേപിക്കാവുന്ന ലിബറലൈസ്ഡ് റെമിറ്റൻസസ് സ്‌കീം (എൽ.ആർ.എസ്) വഴിയായിരുന്നു ഇത്.
മൂന്നുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. സെപ്‌തംബറിലെ പണമൊഴുക്കിൽ 60 ശതമാനവും (ഇതും റെക്കാഡാണ്) വിദേശ യാത്രയ്ക്കും പഠനത്തിനും വേണ്ടിയായിരുന്നു എന്നാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിലെ മൊത്തം പണമൊഴുക്ക് 890 കോടി ഡോളറാണ് (66,500 കോടി രൂപ). 2020-21ലെ സമാനകാലത്ത് ഇത് 570 കോടി ഡോളറായിരുന്നു (42,600 കോടി രൂപ).
ക്രിപ്‌റ്റോയും വാങ്ങി
വിദേശയാത്ര, വിദേശത്ത് പഠനം, സമ്മാനം നൽകൽ, ഓഹരി/കടപ്പത്രം വാങ്ങൽ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇന്ത്യക്കാർ എൽ.ആർ.എസ് വഴി പണമൊഴുക്കുന്നത്. എന്നാൽ, സെപ്‌തംബറിലെ പണമൊഴുക്കിൽ ക്രിപ്‌റ്റോകറൻസികൾ വാങ്ങാനുള്ള ഉദ്ദേശ്യവും ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.
നിക്ഷേപക്കുതിപ്പ്
ജൂലായ് : $130.8 കോടി
ആഗസ്‌റ്റ് : $196.5 കോടി
സെപ്‌തംബർ : $200 കോടി