gst

 നവംബറിന്റെ നേട്ടം ₹1.31 ലക്ഷം കോടി

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ സജീവമാകുന്നുവെന്ന് വ്യക്തമാക്കി നവംബറിലെ ജി.എസ്.ടി സമാഹരണവും കുതിച്ചുയർന്നു. 2020 നവംബറിലെ 1.04 ലക്ഷം കോടി രൂപയേക്കാൾ 25 ശതമാനം വളർച്ചയോടെ 1.31 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം ലഭിച്ചത്. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 നവംബറിലെ വരുമാനത്തേക്കാൾ 27 ശതമാനം അധികവുമാണിത്.

തുടർച്ചയായ രണ്ടാംമാസമാണ് സമാഹരണം 1.30 ലക്ഷം കോടി കടക്കുന്നത്. ഒക്‌ടോബറിൽ 1,30,127 കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞമാസത്തെ വരുമാനത്തിൽ 23,978 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 31,127 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 66,815 കോടി രൂപയും സെസ് ഇനത്തിൽ 9,606 കോടി രൂപയും ലഭിച്ചു.

രണ്ടാമത്തെ വലിയ റെക്കാഡ്

ജി.എസ്.ടി പ്രാബല്യത്തിൽവന്ന ശേഷം ഒരുമാസം ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന വരുമാനമാണ് കഴിഞ്ഞമാസത്തേത്. ഈവർഷം ഏപ്രിലിലെ 1.39 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയരം. നടപ്പുവർഷത്തെ വരുമാനം ഇതുവരെ: (തുക കോടിയിൽ)

ഏപ്രിൽ : ₹1.39 ലക്ഷം

മേയ് : ₹97,821

ജൂൺ : ₹92,800

ജൂലായ് : ₹1.16 ലക്ഷം

ആഗസ്‌റ്റ് : ₹1.12 ലക്ഷം

സെപ്‌തംബർ : ₹1.17 ലക്ഷം

ഒക്‌ടോബർ : ₹1.30 ലക്ഷം

നവംബർ : ₹1.31 ലക്ഷം

നേട്ടമായി ഇ-വേ ബിൽ വർദ്ധന

ജി.എസ്.ടി ബാധകമായ ഉത്പന്നങ്ങളുടെ സംസ്ഥാനാന്തര നീക്കത്തിന്റെ അനിവാര്യരേഖയായ ഇ-വേ ബില്ലിന്റെ എണ്ണമുയർന്നത് ജി.എസ്.ടി വരുമാനക്കുതിപ്പിന് വഴിയൊരുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സമ്പദ്‌പ്രവർത്തനങ്ങൾ ഉഷാറാകുന്നുവെന്ന് സൂചിപ്പിച്ച് ഒക്‌ടോബറിൽ ഇ-വേ ബില്ലുകൾ 7.35 കോടിയെന്ന പുതിയ ഉയരത്തിലെത്തി. ഒക്‌ടോബറിലെ ഇടപാടുകളുടെ നികുതി സമാഹരണമാണ് നവംബറിൽ നടന്നത്.

കേരളത്തിന്റെ വളർച്ച 36%

കേരളം നവംബറിൽ ജി.എസ്.ടിയായി 36 ശതമാനം വളർച്ചയോടെ 2,129 കോടി രൂപ നേടി. 2020 നവംബറിൽ ലഭിച്ചത് 1,568 കോടി രൂപയായിരുന്നു. മഹാരാഷ്‌ട്ര (18,656 കോടി രൂപ), ഗുജറാത്ത് (9,569 കോടി രൂപ), കർണാടക (9,048 കോടി രൂപ), തമിഴ്നാട് (7,795 കോടി രൂപ) എന്നിവയാണ് കഴിഞ്ഞമാസം ഏറ്റവുമധികം വരുമാനം നേടിയ സംസ്ഥാനങ്ങൾ.