gold

കൊച്ചി: ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതിയിൽ പൊന്നിന്റെ വിഹിതം കൂടുന്നു. കൊവിഡ് താണ്ഡവമാടിയ 2020-21ലെ ഏപ്രിൽ-നവംബറിൽ മൊത്തം ഇറക്കുമതിയിൽ സ്വർണത്തിന്റെ വിഹിതം 5.6 ശതമാനമായിരുന്നു. മുൻവർഷങ്ങളിലെ ശരാശരി വിഹിതം 6.3-7.7 ശതമാനം. എന്നാൽ, നടപ്പുവർഷം ഏപ്രിൽ-നവംബറിൽ വിഹിതം 8.6 ശതമാനമായി.

കഴിഞ്ഞവർഷം ഏപ്രിൽ-നവംബറിലെ സ്വർണം ഇറക്കുമതി മൂല്യം 1,230 കോടി ഡോളറായിരുന്നു. ഈവർഷം ഇതേകാലയളവിൽ 170 ശതമാനം മുന്നേറി 3,332 കോടി ഡോളറായി. കൊവിഡ് ഇല്ലാതിരുന്ന 2019-20ലെ സമാനകാലത്തേക്കാൾ 61.4 ശതമാനവും അധികമാണിത്.

നടപ്പുവർഷം ഏപ്രിൽ-സെപ്തംബറിലെ ഇറക്കുമതിഅളവ് 445 ടണ്ണാണെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതിൽ 292 ടണ്ണും ഇറക്കുമതി ചെയ്യപ്പെട്ടത് ജൂലായ്-സെപ്‌തംബറിൽ. ആഗസ്‌റ്റിൽ മാത്രം 120 ടൺ സ്വർണമെത്തി; സെപ്‌തംബറിൽ 92 ടണ്ണും. ഒക്‌ടോബർ-നവംബറിൽ 150-175 ടൺ എത്തിയെന്നാണ് വിലയിരുത്തൽ.

റിസർവ് ബാങ്കും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ജൂലായ്-സെപ്‌തംബറിൽ 41 ടൺ സ്വർണം റിസർവ് ബാങ്ക് ഇന്ത്യയുടെ കരുതൽ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ, മൊത്തം കരുതൽ സ്വർണശേഖരം 745 ടണ്ണായി. 2009ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. സ്വർണം ഇറക്കുമതിയിൽ ഒന്നാംസ്ഥാനത്തും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ.

86% ആവശ്യവും ഇറക്കുമതിയിലൂടെ:

വേൾഡ് ഗോൾഡ് കൗൺസിൽ

ഉപഭോഗത്തിനുള്ള സ്വർണത്തിന്റെ 86 ശതമാനവും ഇന്ത്യ കണ്ടെത്തുന്നത് ഇറക്കുമതിയിലൂടെയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. 2012ൽ ഇന്ത്യ ഇറക്കുമതി തീരുവ 10 ശതമാനമായി കൂട്ടിയിരുന്നു. പക്ഷേ, ഇറക്കുമതി കുറഞ്ഞില്ല. ശരാശരി 730 ടൺ നിരക്കിൽ 2012-2020 കാലയളവിൽ ഇന്ത്യ 6,581 ടൺ ഇറക്കുമതി ചെയ്‌തു.

 2019 ജൂലായിൽ ഇറക്കുമതി തീരുവ 12.5 ശതമാനമാക്കി

 20021 ഫെബ്രുവരിയിൽ ഇത് 10.75 ശതമാനമായി കുറച്ചു

44%

2020 ഇന്ത്യ 377 ടൺ സ്വർണക്കട്ടികൾ ഇറക്കുമതി ചെയ്‌തു. 44 ശതമാനം സ്വിറ്റ്‌സർലൻഡിൽ നിന്ന്; 11 ശതമാനം യു.എ.ഇയിൽ നിന്ന്.

ഇറക്കുമതി കവാടങ്ങൾ

11 നഗരങ്ങൾ വഴിയാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി. ന്യൂഡൽഹി, ജയ്‌പൂർ, മുംബയ്, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, ഹൈദരാബാദ്, കൊൽക്കത്ത.

 വിമാനത്താവളങ്ങളിൽ 37 ശതമാനം വിഹിതവുമായി ന്യൂഡൽഹി ഒന്നാമത്

 9 ശതമാനം വിഹിതവുമായി കൊച്ചി രണ്ടാമത്.

കള്ളക്കടത്തിന് കടൽ

പരിശോധനകൾ കർശനമായതോടെ കര, വ്യോമമാർഗമുള്ള കള്ളക്കടത്ത് കുറയുകയാണെന്നും കടലാണ് പുതിയ വിഹാരകേന്ദ്രമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. കടൽ വഴിയുള്ള കടത്ത് 20-25 ശതമാനമായി കൂടി. കള്ളക്കടത്ത് സ്വർണം വരുന്നതിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയുടെ പങ്ക് 30-35 ശതമാനമാണ്.

മുൻവർഷങ്ങളിൽ ഇന്ത്യയിലെത്തിയ കള്ളക്കടത്ത് സ്വർണം: (ടണ്ണിൽ)

2015: 119

2016: 116

2017: 105

2018: 100

2019: 117

2020: 22.3