earth

കൊച്ചി: അനുദിനം പ്രിയമേറുന്ന ഇന്ത്യൻ ഇലക്‌ട്രിക് ടൂവീലർ‌ ശ്രേണിയിൽ കൊമ്പുകോർക്കാൻ എർത്ത് എനർജിയുടെ താരങ്ങളുമെത്തുന്നു. രണ്ട് ആകർഷക മോഡലുകളാണ് എർത്ത് എനർജി അവതരിപ്പിച്ചത് - ഗ്ളൈഡ് എസ്.എക്‌സ്., ഗ്ളൈഡ് എസ്.എക്‌സ് പ്ളസ് എന്നിവ. മെയ്ഡ് ഇൻ ഇന്ത്യ പെരുമയോടെ എത്തുന്ന ഈ സ്കൂട്ടറുകളുടെ 97 ശതമാനം നിർമ്മാണവും പ്രാദേശികമായാണ്.

എസ്.എക്‌സിന് 75,000 രൂപ മുതലും എസ്‌.എക്‌സ് പ്ളസിന് 95,000 രൂപ മുതലുമാണ് പ്രാരംഭവില. നികുതിക്കും ഇൻഷ്വറൻസിനും പുറമേയുള്ള മുംബയ് എക്‌സ്‌ഷോറൂം വിലയാണിത്. പ്രാദേശികമായി വിലയിൽ വ്യത്യാസമുണ്ടാകും. പുതുവർഷപ്പിറവി ദിനത്തിൽ ഗ്ളൈഡ് ശ്രേണിയുടെ ആദ്യബാച്ച് ഉപഭോക്താക്കളിലേക്കെത്തും. 460 എണ്ണമാണ് ആദ്യ ബാച്ചിലുണ്ടാവുക.

മുംബയ് ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് സ്‌റ്റാർട്ടപ്പാണ് എർത്ത് എനർജി ഇ.വി. മഹാരാഷ്‌ട്രയിൽ 20,000 ചതുരശ്രഅടി വിസ്‌തീർണത്തിൽ അധ്യാധുനിക സൗകര്യങ്ങളോടെയുള്ള നിർമ്മാണശാലയുണ്ട്. കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ വിതരണക്കാരുമുണ്ട്. ഏഴുലക്ഷം ടെസ്‌റ്റിംഗ് കിലോമീറ്ററുകൾ പൂർത്തിയാക്കിയാണ് ഗ്ളൈഡ് ശ്രേണി ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് കമ്പനി പറയുന്നു.

150km

പൂർണമായും നഗരനിരത്തുകൾക്ക് അനുയോജ്യമാണ് എസ്.എക്‌സ്. 40 മിനുട്ടിനകം ബാറ്ററി ഫുൾ ചാർജ് ചെയ്യാം. ഫുൾചാർജിൽ 150 കിലോമീറ്റർ വരെ പോകാം. പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്റർ. ലൈസൻസ് ഇല്ലാതെ ഓടിക്കാം.

100km

40 മിനുട്ടിനകം ഫുൾ ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് എസ്‌എക്‌സിനുമുള്ളത്. ഫുൾചാർജിൽ 100 കിലോമീറ്റർ വരെ പോകാം. പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്റർ. ഓടിക്കുന്നയാൾക്ക് ലൈസൻസ് നിർബന്ധം.