
കൊച്ചി: കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 85 ശതമാനം പിന്നിട്ടു. മുൻവർഷത്തെ സമാനകാലയളവിലെ 5.90 ലക്ഷം കോടി രൂപയേക്കാൾ 60.8 ശതമാനം വളർച്ചയോടെ 9.45 ലക്ഷം കോടി രൂപയാണ് ഇക്കുറി ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 16 വരെ നേടിയത്. നടപ്പുവർഷത്തെ (2021-22) ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ള 11.08 ലക്ഷം കോടി രൂപയുടെ 85 ശതമാനമാണിത്.
കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20നെ അപേക്ഷിച്ച് 40 ശതമാനവും അധികമാണിത്. റീഫണ്ടിന് മുമ്പുള്ള മൊത്തം പ്രത്യക്ഷ നികുതിവരുമാനം 7.34 ലക്ഷം കോടി രൂപയിൽ നിന്ന് 48 ശതമാനം മുന്നേറി 10.8 ലക്ഷം കോടി രൂപയിലെത്തി. 2020-21ലെ സമാനകാലത്ത് കൊവിഡും ലോക്ക്ഡൗണും മൂലം തൊഴിൽ നഷ്‌ടം വൻതോതിലുണ്ടായതും ശമ്പളംവെട്ടിക്കുറയ്ക്കലും മറ്റും നികുതിവരുമാനത്തെ ബാധിച്ചിരുന്നു.
നടപ്പുവർഷം ഒട്ടുമിക്ക മേഖലകളും നേട്ടത്തിലേക്ക് തിരിച്ചുകയറിയത് നികുതിവരുമാനത്തിൽ ഉണർവുണ്ടാക്കി. മുൻകൂർ നികുതി സമാഹരണം മൂന്നുലക്ഷം കോടി രൂപയിൽ നിന്ന് 4.6 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു. കോർപ്പറേറ്റ് നികുതിയായി ഈവർഷം ആകെ ലക്ഷ്യമിടുന്നത് 5.45 ലക്ഷം കോടി രൂപയാണ്. എന്നാൽ, ഡിസംബർ 16വരെയുള്ള കണക്കുപ്രകാരം മാത്രം 5.16 ലക്ഷം കോടി രൂപ ലഭിച്ചു. മുൻവർഷത്തെ സമാനകാലയളവിലെ 3.04 ലക്ഷം കോടി രൂപയേക്കാൾ 70 ശതമാനം അധികമാണിത്.
മൊത്തം അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 50 ശതമാനത്തിൽ നിന്ന് 54 ശതമാനത്തിലേക്ക് കോർപ്പറേറ്റ് നികുതിയുടെ പങ്കും ഉയർന്നു. സെക്യൂരിറ്റി ട്രാൻസാക്‌ഷൻ ടാക്‌സ് (എസ്.ടി.ടി) ഉൾപ്പെടുന്ന വ്യക്തിഗത ആദായനികുതിയിനത്തിൽ ഈവർഷം ഇതുവരെ ലഭിച്ചത് 4.3 ലക്ഷം കോടി രൂപ. മുൻവർഷത്തെ സമാനകാലത്തെ 2.70 ലക്ഷം കോടി രൂപയേക്കാൾ 52 ശതമാനമാണ് വർദ്ധന.