katta

കാട്ടാക്കട: ജുവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് മുങ്ങിയത് അരപ്പവന്റെ മോതിരവുമായി. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് റോഡിലുള്ള മഹാറാണി ജുവലറിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ജീവനക്കാരനെ കബളിപ്പിച്ച് ഒറിജിനൽ മോതിരം കൈക്കലാക്കിയ ശേഷം അതേ ആകൃതിയിലുള്ള വ്യാജ മോതിരം വച്ചിട്ടാണ് മോഷ്ടാവ് മുങ്ങിയത്. സി.സി.ടിവി കാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പച്ചക്കളർ ടീഷർട്ടും കാക്കി പാന്റും ധരിച്ചെത്തിയ യുവാവ് ജീവനക്കാരൻ അനിലിനോട് മോതിരം ആവശ്യപ്പെട്ടു. അനിൽ 20 മോതിരങ്ങൾ അടങ്ങിയ ട്രേ ഇയാളുടെ മുന്നിൽ പ്രദർശിപ്പിച്ചു. ഇവ പരിശോധിച്ച മോഷ്ടാവ് അരപ്പവൻ തൂക്കംവരുന്ന ഒരെണ്ണം തെരഞ്ഞടുത്തു. വില കണക്കുകൂട്ടുന്നതിനായി ജീവനക്കാരൻ കാൽക്കുലേറ്ററെടുക്കാൻ തിരിഞ്ഞ സമയം ഒറിജിനൽ മോതിരം കൈക്കലാക്കി പകരം വ്യാജനെ ഇവിടെവച്ചു. പണമെടുക്കുന്നതിനായി എ.ടി.എം എവിടെയുണ്ടെന്ന് ഇയാൾ ചോദിച്ചു. സമീപത്തുണ്ടെന്ന് പറഞ്ഞതോടെ പണം എടുത്തുകൊണ്ടുവരാമെന്നും മോതിരം പായ്ക്ക് ചെയ്യാനും ആവശ്യപ്പെട്ട ശേഷം മോഷ്ടാവ് മുങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ സംശയം തോന്നിയ അനിൽ ആഭരണം പരിശോധിച്ചപ്പോൾ ഹാൾമാർക്ക് മുദ്ര ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടകാര്യം ഇദ്ദേഹത്തിന് മനസിലായത്. സി.സി ടിവി ദൃശ്യങ്ങളിൽ സമീപത്തെ ഭാമ, അഞ്ജലി എന്നീ ജുവലറികളിലും ഇയാൾ കയറാൻ ശ്രമിച്ചതായി കണ്ടെത്തി. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.