തൊടുപുഴ: നഗരത്തിലെ ഒരു പ്രധാന ഹോട്ടലിൽ ഊണ് കഴിക്കാൻ കയറിയ ഒരു സാധാരണക്കാരന്റെ അനുഭവം ഇതാ... ഊണിനൊപ്പം രണ്ട് പ്ളേറ്റുകളിലായി 'സ്‌പെഷ്യൽ' കൊണ്ടു വന്നു. ഒന്നിൽ മീൻ കറി, മറ്റൊന്നിൽ ഫിഷ് ഫ്രൈ. ഊണിനൊപ്പമുള്ള മീൻകറിയാണെന്ന് വിചാരിച്ചെങ്കിലും മീൻ കഷ്ണത്തിന്റെ വലിപ്പം കണ്ട് സപ്ളൈയറോട് വിലയന്വേഷിച്ചു. വില കേട്ടപ്പോൾ ഞെട്ടി, 100 രൂപ !. വറുത്ത നെയ്മീന് 125 രൂപ ! ഊണിന് 60 രൂപയേ ഉള്ളു.
സാധാരണ ഹോട്ടലുകളിൽ സ്റ്റാൻഡേർഡ് ഊണിന് 60 രൂപയേ ഈടാക്കാവൂ എന്നാണ് വയ്‌പെങ്കിലും പല ഹോട്ടലുകളിലും 100 മുതൽ 120 രൂപ വരെ തരാതരം പോലെ വാങ്ങും. സ്‌പെഷ്യലായി മീനോ ഇറച്ചി വിഭവങ്ങളോ വാങ്ങിയാൽ ഭീമമായ തുകയാകും നൽകേണ്ടിവരിക. വറുത്ത മീനിന് വലിപ്പം അനുസരിച്ച് വിലയിൽ അന്തരമുണ്ട്. ഊണല്ലാത്ത വിഭവങ്ങൾക്കെല്ലാം വില തോന്നുംപോലെയാണ്. തട്ടുകടകളിലും വിലയുടെ കാര്യത്തിൽ ഹോട്ടലുകളെ വെല്ലുകയാണ്. ഒരു വെറും ചായ കുടിയ്ക്കാമെന്നു വച്ചാൽ അതിനും ചായപോലെ പൊള്ളുന്ന വിലയെന്നാണ് പരാതി. 10 രൂപ മുതൽ 20 രൂപ വരെ യാണ് ചായയുടെ വില. മിക്ക ഹോട്ടലുകളിലിലും വിലവിവര പട്ടികയുണ്ടെങ്കിലും സ്‌പെഷ്യൽ വിഭവങ്ങളുടെ വില അതിൽ രേഖപ്പെടുത്താറില്ല. എല്ലാ ഭക്ഷണശാലകളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും അത് ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയും വിധമായിരിക്കണമെന്നും നിർബന്ധമാണ്. അമിത വില ഈടാക്കിയാൽ 5000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭക്ഷണ വില നിയന്ത്രണ ബില്ലിന് 2015ൽ മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ഇതുവരെ അതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
കാരണം വിലക്കയറ്റം
പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകം അടക്കമുള്ള സാധനങ്ങളുടെ അമിതവിലയും ഹോട്ടൽ വ്യവസായത്തിന്റെ നട്ടെല്ല് തകർക്കുന്നുവെന്നാണ് വിലക്കയറ്റത്തിന് കാരണമായി ഹോട്ടലുടമകൾ പറയുന്നത്. നേരത്തെ 1000 രൂപയ്ക്ക് വാങ്ങിയിരുന്ന പച്ചക്കറികൾ ഇപ്പോൾ വാങ്ങാൻ 5000- 6000 രൂപ വരെ വേണം. ഇറച്ചികൾക്ക് ഇരട്ടി വിലയായി. പാചകവാതക സിലിണ്ടറിന് 1200 രൂപ ആയിരുന്നത് 2000 രൂപയായി ഉയർന്നു. ഇന്നലെയും 100 രൂപ കൂടി. തൊഴിലാളികളെ കിട്ടാനില്ല, ഉള്ളവർക്ക് കൂലിയിലും വർദ്ധനവുണ്ടായി.