തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭേദഗതികളോടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവ് അറിയിച്ചു. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽക്കുകയായിരുന്നു മന്ത്രി. 2018 ഒക്ടോബർ മൂന്നിന് പുനഃപ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ 31ന് അവസാനിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് സമർപ്പിച്ചുള്ള നിർദ്ദേശങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായ സമന്വയത്തിലൂടെ അന്തിമ വിജ്ഞാപനത്തിന് ശ്രമിക്കുന്നതിനോടൊപ്പം കരടു വിജ്ഞാപനത്തിലെ ഇ.എസ്.എ പ്രദേശങ്ങളിലെ നിബന്ധനകൾ നിലനിൽക്കുമെന്നും മന്ത്രി എം.പിയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. തുടർന്ന് മന്ത്രിയുമായി ഡീൻ കുര്യാക്കോസ് നടത്തിയ ചർച്ചയിൽ മൂന്നിന് കേരളത്തിന്റെ അഭിപ്രായങ്ങൾ തേടിയുള്ള അവസാനവട്ട ചർച്ചകൾ നടക്കുമെന്നും മന്ത്രി ഭുവേന്ദ്ര യാദവ് അറിയിച്ചു.