മുട്ടം: ലോഡ് കയറ്റിവന്ന ടിപ്പർ പിന്നിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറിഞ്ഞു. കാർ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30 ന് ശങ്കരപ്പിള്ളിയിലായിരുന്നു അപകടം. കുടയത്തൂർ സ്വദേശിയായ രാജനും ഭാര്യ വിജയശ്രീയുമാണ് കാറിൽ ഉണ്ടായിരുന്നത്. തൊടുപുഴ ഭാഗത്തേക്ക് വന്ന കാറിൽ പിന്നിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്‌കൂൾ സമയങ്ങളിൽ പോലും ടിപ്പറുകൾ തിരക്കേറിയ പാതയിലൂടെ സഞ്ചരിക്കുന്നത്. സ്‌കൂൾ സമയങ്ങളിൽ ടിപ്പറുകൾ നിരത്തിലിറങ്ങരുതെന്ന വിലക്ക് ലംഘിച്ചാണ് പരക്കംപാച്ചിൽ. നിയന്ത്രണമുള്ള സമയങ്ങളിലെ ടിപ്പറുകളുടെ സഞ്ചാരം നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.