കട്ടപ്പന: നിർമ്മാണതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളികൾക്ക് ലഭിക്കുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയിരിക്കുകയാണെന്ന് കേരളാ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) ജില്ലാ കമ്മറ്റി. മുടങ്ങിയ പെൻഷനുൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 60 വയസ് വരെ ബോർഡിൽ അംശാദായം അടച്ച് പെൻഷനായ തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ വിതരണം ചെയ്യാൻ ബോർഡ് തയ്യാറായിട്ടില്ല. 1600 രൂപ നിരക്കിൽ എല്ലാ മാസവും വിതരണം നടത്തിയ പെൻഷനാണ് മുടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രായമായവർ ബുദ്ധിമുട്ടുകയാണെന്നും നേതാക്കൾ പറഞ്ഞു. ബോർഡിലുള്ള തൊഴിലാളികൾ വിവിധ ആനുകൂല്യങ്ങൾക്കായി അപേക്ഷ വച്ചിട്ടുള്ളതാണ്. 2020 മാർച്ച് മുതലുള്ള അപേക്ഷകൾക്ക് മറുപടി പോലും ലഭിച്ചിട്ടില്ല. തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം കൂടാതെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളുടെയും സെസ് പിരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തപക്ഷം യൂണിയന്റെ നേതൃത്വത്തിൽ ക്ഷേമനിധി, ജില്ലാ ഓഫീസുകളിലും, പ്രാദേശിക സർക്കാർ ഓഫീസുകൾക്ക് മുമ്പിലും സമര പരിപാടികൾ ആരംഭിക്കുമെന്ന് യൂണിയൻ നേതാക്കളായ വക്കച്ചൻ തുരുത്തിയിൽ, ടോമി പുളിമൂട്ടിൽ, ഷാജി മാത്തുമുറി, ഷാജി തത്തംപള്ളി എന്നിവർ പറഞ്ഞു.