തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ. സോമൻകുഞ്ഞിന് എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയകൾ സംയുക്തമായി യാത്രയയപ്പ് നൽകി. 1992ൽ ഉടുമ്പൻചോല താലൂക്കിൽ റവന്യൂ വകുപ്പിൽ ഓദ്യോഗിക ജീവിതം ആരംഭിച്ച ടി.കെ. സോമൻകുഞ്ഞ് വില്ലേജ് ഓഫീസർ തസ്തികയിൽ നിന്നാണ് വിരമിച്ചത്. യൂണിയൻ ഉടുമ്പൻചോല, തൊടുപുഴ ഈസ്റ്റ്, തൊടുപുഴ വെസ്റ്റ് ഏരിയ ഭാരവാഹി, ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടേറിയറ്റംഗം എന്നീ ചുമതലകൾ വഹിച്ചു. 2002ലും 2013ലും നടന്ന ജീവനക്കാരുടെ പ്രക്ഷോഭങ്ങളിൽ നേതൃത്വം നൽകിയതിന് നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടു. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തന രംഗത്ത് നിന്ന് സർവീസിലെത്തിയ ടി.കെ. സോമൻകുഞ്ഞ് 28 വർഷത്തെ സർവീസ് പൂർത്തിയാക്കിയാണ് വിരമിച്ചത്. തൊടുപുഴ കെ.എസ്.ടി.എ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. ജില്ലാ കമ്മിറ്റിയംഗം ബിജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിൻസൺ പി. ജോസ്, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.ബി. മോളി, കെ.എം.സിഎസ്.യു ജില്ലാ കമ്മിറ്റിയംഗം വി.എസ്.എം നസീർ എന്നിവർ സംസാരിച്ചു. ടി.കെ. സോമൻകുഞ്ഞ് മറുപടി പറഞ്ഞു. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി സി.എം. ശരത്ത് സ്വാഗതവും തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി കെ.എസ്. ഷിബുമോൻ നന്ദിയും പറഞ്ഞു.